"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Monday, October 15, 2012

വിളപ്പിൽശാലയിലെ മനുഷ്യ ജീവനുകൾ..!!



പട്ടാപ്പകൽ നാട്ടുകാരുടെ വോട്ട് വാങ്ങി ഭരിക്കാൻ തുടങ്ങിയ ഒരു സർക്കാർ, പെൺവാണിഭക്കാരനും കള്ളച്ചാരായ കച്ചവടക്കാരനും ഒക്കെ നട്ടപ്പാതിരക്ക് "വ്യവസായം" നടത്താൻ ഇറങ്ങുന്ന പോലെ നാടും നാട്ടാരും ഗാഢ നിദ്രയിലായിരുന്നപ്പോൾ കോടതി വിധി നടപ്പിലാക്കാൻ വിളപ്പിൽശാല എന്ന ഗ്രാമത്തിലേക്ക് ഒരു പട പോലീസകമ്പടിയോടെ യന്ത്ര സാമഗ്രികൾ സ്ഥാപിക്കാൻ പോയിരിക്കുന്നു..!!

കേരളത്തിലെ എല്ലാ കോടതിവിധികളും സർക്കാർ നടപ്പിലാക്കിയിട്ടുണ്ടോ?
വിളപ്പിൽശാലയിൽ കോടതി വിധി നടപ്പിലാക്കാൻ സർക്കാരിനെന്താണ് ഇത്ര ധൃതി..? ഈ ശുഷ്കാന്തി മറ്റ് പലതിലും കാട്ടിയിരുന്നെങ്കിൽ ഭരണം ഇതിലും സുതാര്യമായേനേ.

സർക്കാരിന് ഹിതകരമല്ലാത്ത കോടതി വിധികൾ മറികടക്കാൻ കേരളം നിയമനിർമാണം തന്നെ നടത്തിയിട്ടുണ്ട്. സുപ്രീം കോടതി ഇത് സർക്കാരിനെ ഓർമിപ്പിച്ചിട്ട്കൂടിയുണ്ട്.

അപ്പോളാണ് ഒരു ജനതയുടെ ജീവനുതന്നെ ഭീഷണിയാകുന്ന ഒരു വൻ സാമൂഹ്യ പ്രാധാന്യമുള്ള വിഷയത്തിൽ കേവലമൊരു വിധിയിൽ തൂങ്ങി സർക്കാരും ഒരു നഗരസഭയും തങ്ങൾ പിടിച്ചമുയലിന് കൊമ്പ് മൂന്ന് എന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നത്. ഒരു ജനകീയ സമരത്തിനെ കണ്ടില്ലെന്ന് നടിച്ച് ഒരു സർക്കാരുകൾക്കും മുമ്പോട്ട് പോകാൻ പറ്റില്ലതന്നെ..

സൊസൈറ്റി കൊച്ചമ്മമാരുടെ ആർത്തവ മാലിന്യം ഉൾപ്പടെ പകർച്ച വ്യാധികളുടെ ഒരു കൂമ്പാരം ഒരു ജനതതിയുടെ നെഞ്ചത്ത് വാരി വിതറി പിഞ്ച് കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള ഒരു ജനവിഭാഗത്തിന്റെ പിറന്ന നാട്ടിൽ ജീവിക്കാനുള്ള അവകാശത്തെ വെല്ലുവിളിക്കുന്ന ഭരണ വർഗമേ നിങ്ങൾ മണിമാളികകളിൽ നിന്നിറങ്ങി രണ്ട് ദിവസം ഇവിടെ വന്ന് ജീവിച്ച് നോക്കൂ...

വിളപ്പിൽശാലയിൽ സമരം നയിക്കുന്ന സംയുക്ത സമരസമിതി നേതാക്കളുമായി സർക്കാരിന്റെ പ്രതിനിധി സുഗതകുമാരി നടത്തിയ മധ്യസ്ഥ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് സമരസമിതി ആഹ്വാനം ചെയ്ത അനിശ്ചിതകാല ഹർത്താൽ പഞ്ചായത്തിൽ തുടരുകയാണ്.

ഇനിയുമിനിയും നഗരമാലിന്യം വിളപ്പിൽശാല തന്നെ പേറണം എന്ന നഗരസഭയുടെ പിടിവാശി ഉപേക്ഷിച്ച് അവിടെ കൂമ്പാരമായി കൊണ്ടിറക്കിയിരിക്കുന്ന ലക്ഷക്കണക്കിന് ടൺ മാലിന്യം എത്രയും പെട്ടന്ന് സംസ്കരിച്ച് പട്ടിണിയാണെങ്കിലും ശുദ്ധവായു ശ്വസിച്ച് രോഗമില്ലാതെ ജീവിക്കാനുള്ള ആ ജനതയുടെ അവകാശത്തെ അനുവദിക്കൂ.

പ്രശ്ന പരിഹാരത്തിന് കൂട്ടായ ശ്രമം ഉണ്ടാകട്ടെ.. അത് വിളപ്പിൽശാലയിലെ കുഞ്ഞുങ്ങൾക്ക് അനുകൂലമായിട്ടായിരിക്കട്ടെ..

ജീവനത്തിനായുള്ള വിളപ്പിൽശാലയുടെ സമരത്തിന് എല്ലാ ഐക്യദാർഢ്യവും..!