"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Saturday, December 29, 2012

"ബെസ്റ്റ് ഒലിപ്പിസ്റ്റ് ഓഫ് ദ ഇയർ അവാർഡ്.."



"ന്യൂസ് മേക്കർ ഓഫ് ദ ഇയർ..!!"
"ബെസ്റ്റ് ആക്ടർ ഓഫ് ദ ഇയർ..!!"
"ബെസ്റ്റ് മിനിസ്റ്റർ ഓഫ് ദ ഇയർ..!!"

ആണ്ടവസാനമാകുമ്പോൾ ഇമ്മാതിരി "ബെസ്റ്റ്" ചേർത്ത് ഒരവാർഡ് ആർക്കെങ്കിലുമൊക്കെ കൊടുത്ത് ഒന്നാളായി റേറ്റ് കൂട്ടാൻ ചാനലുകാർ മൽസരമാണ്.. ഫെയ്സ് ബുക്കിലൊന്ന് ഓടി നടന്നപ്പോളാണ് വേറൊരവാർഡ് പരസ്യം കണ്ണിൽ പെട്ടത്.. പരസ്യ വാചകം ഇങ്ങനെ..:

"ഉറങ്ങുന്ന പെൺ പുലികളേ ഉണരൂ.."
"ആദ്യ പത്ത് ലീഡ് സ്ഥാനങ്ങളിൽ ഒരു പെൺ_തരി മാത്രം.."
"എവിടെ ഫെമിനിസ്റ്റുകൾ.."
"എവിടെ 'ഒലിപ്പിസ്റ്റു'കൾ.."
"എവിടെ സഹോദര 'കോഴികൾ'..."
"ഉണരൂ പ്രവർത്തിക്കൂ.."

ആംഹാ.. കൊള്ളാമല്ലോ സംഭവം.. ബെസ്റ്റ് 'കോഴി' ഓഫ് ദ ഇയർ അവാർഡ്.. "ഒലിപ്പിസ്റ്റു"കൾക്കും ഒരവാർഡോ? എന്നാൽ പിന്നെ അതൊന്നറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം. ജോലിയൊക്കെ നാളെയും ചെയ്യാം..

ആകാംക്ഷയോടെ അടിയിൽ കണ്ട ലിങ്ക് ഞെക്കി തുറന്ന് വന്ന പേജിലേക്ക് ആർത്തിയോടെ നോക്കി.. ദേണ്ടെ അവിടെ കുറെ ആളുകളുടെ പേരൊക്കെയെഴുതി വോട്ടിന് വച്ചിരിക്കുന്നു. ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയുമൊക്കെ ചെയ്യുന്ന കുറേ പേരുകൾ ആ ലിസ്റ്റിലുണ്ടല്ലോ? ഇവരൊക്കെ ഇത്തരം ഒലിപ്പിസ്റ്റുകളും കോഴികളുമൊക്കെ ആയിരുന്നോ..? ഇവരും മൽസരിക്കുന്നോ ഈ അവാർഡിന്.. ഞാനൊന്ന് ഞെട്ടി.. ചേഛയ്...

ബാക്കി വായിച്ചപ്പോൾ ബൂലോകം "സൂപ്പർ ബ്ലോഗർ" മൽസരത്തിന്റെ വോട്ടെടുപ്പാണ് ഇവിടെ നടക്കുന്നതെന്ന് മനസിലായി. ഈ ബ്ലോഗേർസ് എല്ലാം ഒലിപ്പിസ്റ്റുകളും കോഴികളുമാണെന്നാണോ കൈമൾ ഡോക്ടർ മനസിലാക്കി വച്ചിരിക്കുന്നത്.. ലജ്ജാവഹം..!! ശക്തമായി പ്രതിഷേധിക്കുന്നു..!

അടിവര:
  • ലിസ്റ്റിൽ പേരുള്ള ബ്ലോഗർമാരാരും ദയവായി ഈ പോസ്റ്റിനോട് പ്രതികരിക്കരുത്.. വേണമെങ്കിൽ എനിക്കൊരവാർഡിനുള്ള വഴികണ്ട് പിടിച്ച് പണി തരാം..! അതുമല്ലെങ്കിൽ "കിട്ടാത്ത മുന്തിരി പുളിക്കും" എന്നൊക്കെ പറയാം..
  • ഇക്കണക്കിന് ബെസ്റ്റ് റേപ്പിസ്റ്റ് ഓഫ് ദ ഇയർ അവാർഡും ആരെങ്കിലുമൊക്കെ പ്രഖ്യാപിക്കുമായിരിക്കും..!
  •  സൂപ്പർ ബ്ലോഗർക്ക് അഡ്വാൻസ് ആശംസകൾ..!!

Monday, November 26, 2012

അവളുടെ ഗർഭം, അവളുടെ പ്രസവം, അവൾക്കിഷ്ടമുള്ളതുപോലെ ചെയ്യും, ഇതൊക്കെ ചോദിക്കാൻ താനാരുവ്വാ?


മാതൃത്വത്തിന് ഇത്രേം മഹത്വമുണ്ടെന്നും, അത് ആയിരക്കണക്കിന് വർഷങ്ങളായിട്ടും ഒറ്റ തെണ്ടികൽക്കും മനസ്സിലായിട്ടില്ലെന്നും, ഇപ്പോൾ തന്റെ ഈ ഒറ്റ ദിവ്യ പ്രസവത്തോടെ ലോകമൊട്ടുക്കും മാതൃത്വത്തിന്റെ മഹനീയത വാനോളം ഉയർത്തിക്കാട്ടാൻ കഴിഞ്ഞു എന്നും അങ്ങനെ ഒരു ചരിത്ര ദൗത്യം തന്നിലൂടെ നിറവേറ്റപ്പെട്ടുവെന്നുമൊക്കെ ഈ ശ്വേത പറയുന്നത് മണഗുണാപ്പൻമാർക്ക് അങ്ങോട്ട് മനസിലായിട്ടില്ലെന്ന് തോന്നുന്നു.

അല്ലെങ്കിൽ പിന്നെ സെബാസ്റ്റ്യന്‍ പോളും കാര്‍ത്തിയേകനുമൊക്കെ അതുമിതുമൊക്കെ പറയുമായിരുന്നോ? അത് മാത്രമോ, ഷക്കീല ചിത്രങ്ങളും, രേഷ്മ, മറിയ, സിൽക് ചിത്രങ്ങളുമൊക്കെ തിയറ്ററുകളിൽ ഹൗസ് ഫുള്ളായി കളിച്ച് റിക്കോർഡ് കളക്ഷൻ ഉണ്ടാക്കിയ സിൽമാ കൊട്ടക മൊയലാളിമാരുടെ മെയിൻ മേശിരി ലിബർട്ടി ബഷീർ ശ്വേതയുടെ പ്രസവം തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് തറപ്പിച്ച് പറയുമായിരുന്നോ??

മഹനീയ മാതാശ്രീ ശ്രീമതി ശ്വേതയോട് എന്റെ ചോദ്യം.


താങ്കളുടെ പ്രസവത്തിന് മുമ്പ് മാതൃത്വം എന്നത് മഹനീയമായ ഒന്നാണ് എന്ന് ഇന്ന് വരെ പ്രസവിച്ചിട്ടുള്ള അമ്മമാർക്കും മാലോകർക്കും മനസിലായിട്ടില്ല എന്നാണോ താങ്കൾ കരുതുന്നത്?

കാമസൂത്രയുടെ പരസ്യത്തിലും, രതിനിർവ്വേദത്തിലെ ഇക്കിളി വേഷത്തിലും അഭിനയിച്ചിട്ടുള്ള താങ്കൾക്ക് ഷക്കീല, രേഷ്മ, മറിയ, തുടങ്ങിയ ഇക്കിളി നടികളിൽ നിന്ന് എന്ത് വ്യത്യാസമാണ് ഉള്ളത്?

സദാചാര വാദികളോട് എന്റെ ചോദ്യം .


പ്രസവങ്ങളുടെ നിരവധി വീഡിയോകൾ 'യു ട്യൂബ്' ൽ പലകോലത്തിൽ ആർക്കും കാണാൻ അവസരമുണ്ടെന്നിരിക്കെ, ഈ ഒരു പ്രസവം ക്യാമറയിൽ പകർത്തിയതാണോ സദാചാര സംസ്കാരിക ഉഡായിപ്പുകളുടെ കണ്ട്രോൾ വിട്ട് പോകാൻ കാരണം?

ഇതിന് മുമ്പൊരിക്കൽ സമൂഹത്തെ ഉദ്ധരിക്കാൻ ബോധവൽക്കരണ സിനിമയെന്ന പേരിൽ "ക്യാൻസറും ലൈംഗിക രോഗങ്ങളും" തിയറ്ററുകളിൽ ആളിനെക്കയറ്റി കാശ് വാരുകയുണ്ടായി. അന്ന് ഈ സദാചാരത്തിന് വിള്ളലും പൊട്ടലും ഒന്നും ഉണ്ടായില്ലായിരുന്നു. പിന്നെ ഇപ്പോൾ എന്ത് കൊണ്ട്?

മഹാനായ ബ്ലസിയോട് ഒരു ചോദ്യം

താങ്കളുടെ പല മുൻ_കാല ചിത്രങ്ങളും വൻ സാമ്പത്തിക ബാധ്യത വരുത്തി വച്ചു എന്നത് നാട്ടാർക്ക് അറിയാമെന്നിരിക്കെ, കളിമണ്ണ് കാട്ടി രതിചേച്ചിയുടെ പ്രസവം വിറ്റ് കാശുണ്ടാക്കാനുള്ള താങ്കളുടെ തന്ത്രമല്ലെ ഈ ആശയം?

ഇപ്പോഴും ഈ കൊച്ച് കെരളത്തിൽ ധാർമികത എന്ന ചിലതും ചില സദാചാര പരിമിതികളും ബാക്കിയുണ്ടെന്ന് അങ്ങ് മനസിലാക്കണമായിരുന്നു..

അപ്പോൾ എന്നോട് തന്നെയുള്ള എന്റെ ചോദ്യം ഇതാണ്.

അവളുടെ ഗർഭം, അവളുടെ പ്രസവം, അവൾക്കിഷ്ടമുള്ളതുപോലെ ചെയ്യും, ഇതൊക്കെ ചോദിക്കാൻ താനാരുവ്വാ?

ഈ ഫെമിനിസ്റ്റ്കളും വനിതാ വിമോചന മുന്നണിയുമൊക്കെ എവിടെ പോയി??

സിസേറിയൻ:

ഒന്നുകിൽ പ്രസവിക്കുന്നവൾക്ക് നാണം വേണം, അല്ലെങ്കിൽ ഇതിനൊക്കെ സമ്മതം മൂളിയ ഭർത്താവിനോ, അഛനമ്മമാർക്കോ ബോധം വേണം, അതുമല്ലെങ്കിൽ ഇത് ക്യാമറയിലാക്കി കാശുണ്ടാക്കാൻ കണ്ണിലെണ്ണയൊഴിച്ച് മാസങ്ങളോളം കാത്തിരുന്ന ബ്ലസിചേട്ടന് തിരിച്ചറിവ് വേണം, ഇതൊന്നുമല്ലെങ്കിൽ ഇതൊക്കെ കണ്ട് നിർവൃതിയടയാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്കെങ്കിലും വേണം അല്പം ലത്..!!




Monday, October 15, 2012

വിളപ്പിൽശാലയിലെ മനുഷ്യ ജീവനുകൾ..!!



പട്ടാപ്പകൽ നാട്ടുകാരുടെ വോട്ട് വാങ്ങി ഭരിക്കാൻ തുടങ്ങിയ ഒരു സർക്കാർ, പെൺവാണിഭക്കാരനും കള്ളച്ചാരായ കച്ചവടക്കാരനും ഒക്കെ നട്ടപ്പാതിരക്ക് "വ്യവസായം" നടത്താൻ ഇറങ്ങുന്ന പോലെ നാടും നാട്ടാരും ഗാഢ നിദ്രയിലായിരുന്നപ്പോൾ കോടതി വിധി നടപ്പിലാക്കാൻ വിളപ്പിൽശാല എന്ന ഗ്രാമത്തിലേക്ക് ഒരു പട പോലീസകമ്പടിയോടെ യന്ത്ര സാമഗ്രികൾ സ്ഥാപിക്കാൻ പോയിരിക്കുന്നു..!!

കേരളത്തിലെ എല്ലാ കോടതിവിധികളും സർക്കാർ നടപ്പിലാക്കിയിട്ടുണ്ടോ?
വിളപ്പിൽശാലയിൽ കോടതി വിധി നടപ്പിലാക്കാൻ സർക്കാരിനെന്താണ് ഇത്ര ധൃതി..? ഈ ശുഷ്കാന്തി മറ്റ് പലതിലും കാട്ടിയിരുന്നെങ്കിൽ ഭരണം ഇതിലും സുതാര്യമായേനേ.

സർക്കാരിന് ഹിതകരമല്ലാത്ത കോടതി വിധികൾ മറികടക്കാൻ കേരളം നിയമനിർമാണം തന്നെ നടത്തിയിട്ടുണ്ട്. സുപ്രീം കോടതി ഇത് സർക്കാരിനെ ഓർമിപ്പിച്ചിട്ട്കൂടിയുണ്ട്.

അപ്പോളാണ് ഒരു ജനതയുടെ ജീവനുതന്നെ ഭീഷണിയാകുന്ന ഒരു വൻ സാമൂഹ്യ പ്രാധാന്യമുള്ള വിഷയത്തിൽ കേവലമൊരു വിധിയിൽ തൂങ്ങി സർക്കാരും ഒരു നഗരസഭയും തങ്ങൾ പിടിച്ചമുയലിന് കൊമ്പ് മൂന്ന് എന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നത്. ഒരു ജനകീയ സമരത്തിനെ കണ്ടില്ലെന്ന് നടിച്ച് ഒരു സർക്കാരുകൾക്കും മുമ്പോട്ട് പോകാൻ പറ്റില്ലതന്നെ..

സൊസൈറ്റി കൊച്ചമ്മമാരുടെ ആർത്തവ മാലിന്യം ഉൾപ്പടെ പകർച്ച വ്യാധികളുടെ ഒരു കൂമ്പാരം ഒരു ജനതതിയുടെ നെഞ്ചത്ത് വാരി വിതറി പിഞ്ച് കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള ഒരു ജനവിഭാഗത്തിന്റെ പിറന്ന നാട്ടിൽ ജീവിക്കാനുള്ള അവകാശത്തെ വെല്ലുവിളിക്കുന്ന ഭരണ വർഗമേ നിങ്ങൾ മണിമാളികകളിൽ നിന്നിറങ്ങി രണ്ട് ദിവസം ഇവിടെ വന്ന് ജീവിച്ച് നോക്കൂ...

വിളപ്പിൽശാലയിൽ സമരം നയിക്കുന്ന സംയുക്ത സമരസമിതി നേതാക്കളുമായി സർക്കാരിന്റെ പ്രതിനിധി സുഗതകുമാരി നടത്തിയ മധ്യസ്ഥ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് സമരസമിതി ആഹ്വാനം ചെയ്ത അനിശ്ചിതകാല ഹർത്താൽ പഞ്ചായത്തിൽ തുടരുകയാണ്.

ഇനിയുമിനിയും നഗരമാലിന്യം വിളപ്പിൽശാല തന്നെ പേറണം എന്ന നഗരസഭയുടെ പിടിവാശി ഉപേക്ഷിച്ച് അവിടെ കൂമ്പാരമായി കൊണ്ടിറക്കിയിരിക്കുന്ന ലക്ഷക്കണക്കിന് ടൺ മാലിന്യം എത്രയും പെട്ടന്ന് സംസ്കരിച്ച് പട്ടിണിയാണെങ്കിലും ശുദ്ധവായു ശ്വസിച്ച് രോഗമില്ലാതെ ജീവിക്കാനുള്ള ആ ജനതയുടെ അവകാശത്തെ അനുവദിക്കൂ.

പ്രശ്ന പരിഹാരത്തിന് കൂട്ടായ ശ്രമം ഉണ്ടാകട്ടെ.. അത് വിളപ്പിൽശാലയിലെ കുഞ്ഞുങ്ങൾക്ക് അനുകൂലമായിട്ടായിരിക്കട്ടെ..

ജീവനത്തിനായുള്ള വിളപ്പിൽശാലയുടെ സമരത്തിന് എല്ലാ ഐക്യദാർഢ്യവും..!


Thursday, July 26, 2012

മാണി മന്ത്രീടെ മൊഫീലും കളരി ആശാന്റെ ഉണ്ടംപൊരിയും.. തലയൊന്നുക്ക് 26000 രൂഫാ...!!

(കാർട്ടൂൺ കടപ്പാട് ജോയി കുളനട)

ആലുവാ മണപ്പുറത്തെ ഉൽസവത്തിന് വന്നിട്ട് തിരികെപ്പോകുന്ന പാണ്ടി അണ്ണാച്ചിമാരുടെ ഭാണ്ഡക്കെട്ടിനുള്ളിൽ ഊതിയാൽ "പീ..പീ.." കേൾക്കുന്ന ഊത്താംപെട്ടി മുതൽ അളിഞ്ഞ ഈത്തപ്പഴം വരെ ഉണ്ടാകും വീട്ടിലെത്തിയാലുടൻ മക്കൾക്കും പൊണ്ടാട്ടിമാർക്കും സമ്മാനമായി കൊടുക്കാൻ..!

സംഗതിയാക്കെ മാറിപ്പോയി.. ബഡ്ജറ്റ് സമ്മേളനം കഴിഞ്ഞ് പോകുന്ന 141 എമ്മെല്ലെമാരും കൈ നിറയെ സമ്മാനങളുമായിട്ടാണ് തിരികെ പോകുന്നത്.. ഐറ്റംസ് കൊണ്ട് പോകാൻ ഇബ്രാഹിം മന്ത്രിയുടെ വക ബല്യ ബ്രീഫ്കെയ്സ് ഫ്രീ..

വീട്ടിൽ പോയി വെറുതെ ചൊറിയും കുത്തിയിരിക്കുമ്പോൾ ഉരുട്ടിക്കളിക്കാൻ കളരി ആശാൻ മോഹനൻ മന്ത്രീടെ വക ആന വലിപ്പത്തിൽ ആയുർവേദ ഉണ്ടംപൊരി സകലർക്കും സൗജന്യം.. ചിലരൊക്കെ കിട്ടിയ പാടെ കടിച്ച് പല്ലിന്റെ ബലപരീക്ഷണവും നടത്തി നോക്കി..!

പാലായിലെ മാണിക്യം 29000 രൂപ വിലവരുന്ന സാംസംഗിന്റെ ഓരോ മൊബൈൽ വീതം ആളൊന്നുക്ക് സമ്മാനിച്ച് സഭയിലെ സാന്താക്ലോസായി..പക്ഷെ എമ്മെല്ലെമാർക്ക് ഈ മൊഫീൽ വലിയ ആനക്കാര്യമൊന്നുമല്ല. ഇതിനേക്കാൾ ജമണ്ടൻ സാധനങ്ങളാണ് ഓരോരുത്തരുടേയും കൈയ്യിലിരിക്കുന്നത്.. അതുമാത്രമോ.. പിന്നെയുമുണ്ട് കിടുപിടികൾ, ക്യാമറ, ഡിന്നർ സെറ്റ്, ആന, മയിൽ, ഒട്ടകം..ഹോ.. എല്ലാം കൂടെ വീട്ടിലെത്തിക്കണമെങ്കിൽ എമ്മെല്ലെമാർ ഓടിനടന്ന് പെട്ടി ആട്ടോ തന്നെ വിളിക്കേണ്ടിവരും.

സമ്മാനങ്ങളൊക്കെ ചാക്കിൽ വാരിക്കെട്ടുന്ന തള്ളിലും തിരക്കിലും സഭയിലെ പുലികളൊന്നും മാണിച്ചായൻ മൈക്കിലൂടെ സില്ലിയായി പറഞ്ഞ മറ്റൊരു കാര്യം കേട്ടില്ല. "കേരളത്തിൽ ആളൊന്നുക്ക് 26067 രൂപാ നിരക്കിൽ കടം മേടിച്ചാണ് സർക്കാർ കാര്യങ്ങൾ നടത്തിക്കൊണ്ട് പോകുന്നത് എന്ന്." ഏഴാം കൂലികളായ നാട്ടുകാരെക്കൊണ്ട് അങ്ങിനെയെങ്കിലും സർക്കാരിനൊരുപയോഗമായല്ലൊ.

നാട്ട്കാരന്റെ പിച്ചച്ചട്ടിയിൽ കൈയ്യിട്ട് വാരാനും ഇതൊക്കെ മേടിച്ച് കൂട്ടാനും ഇടതനും വലതനും കാലുമാറ്റക്കാരനും  ഒക്കെ ഒറ്റക്കെട്ട്..സഭയിൽ തർക്കമില്ല, സബ്മിഷനില്ല, ഇറങ്ങിപ്പോക്കില്ല, എന്തൊരൈകമത്യം.. കണ്ണ് മഞ്ഞളിച്ച് പോയി.. ഇതാണണ്ണാ നുമ്മ പറഞ്ഞ ആ സോഷ്യലിസം..!!

പുറം ചൊറിയൽ:  കറണ്ട് ചാർജ് വീണ്ടും കൂട്ടി.. അപ്പൊ എമ്മെല്ലെമാർക്ക് ബമ്പർ സമ്മാനം ഇനി വേറെയും വരാനിരിക്കുന്നു..!!

 ഇവിടെ ഞെക്കി കഴിഞ്ഞ മാർച്ചിൽ എമ്മെല്ലെമാർക്ക് കേരള ഗവൺമെന്റ് ഭാഗ്യക്കുറിയുടെ ബമ്പറടിച്ചത് വായിക്കാം.. !!


Monday, July 16, 2012

"അമ്മായിഅമ്മേടെ കുംഭകോണം.. എന്റെ ഫ്ലാറ്റിൽ തൊട്ട്കളിക്കരുത്..!!


ഒളിക്യാമറ വെച്ച് കൈക്കൂലിയും കോഴയും ഉണ്ടാക്കിയും ഉണ്ടാക്കിപ്പിച്ചും ലൈവാക്കി ഹോട്ട് ന്യൂസ് കാണിക്കാൻ മുട്ടി നിൽക്കുന്ന പത്ര, മാധ്യമക്കാരാ ലജ്ജയില്ലേ നിങ്ങൾക്ക് സർക്കാരിന്റെ ഭവന നിർമ്മാണ ബോർഡിനെ കഴിഞ്ഞ പന്ത്രണ്ട് വർഷമായി പറ്റിച്ച് ഒടുവിൽ കുടിശ്ശികയും ലോൺ തുകയും നിരുപാധികം എഴുതി തള്ളാൻ പ്രേരിപ്പിക്കാൻ..

പത്രപ്രവർത്തകൻ എന്ന പേരിൽ ഫ്ലാറ്റ് സംഘടിപ്പിച്ച് മേൽവാടകക്ക് വേറെ കൊടുത്ത് മാസം തോറും വാടകക്കാശ് മേടിച്ച് പത്രപ്രവർത്തനത്തെ "ഉദ്ധരിപ്പിക്കുന്ന" മാധ്യമ വിദ്വാൻമാരേ നിങ്ങൾക്ക് എന്ത് പത്ര ധാർമികതയാണുള്ളത്..??

ഈ ജീർണലിസ്റ്റ്മാരാണ് ഓരോ ദിവസവും

"കോപ്പിലെ തിരിമറി, ലക്ഷങ്ങളുടെ വെട്ടിപ്പ്.."

"അമ്മായിഅമ്മേടെ കുംഭകോണം, കോടികൾ മുക്കി.."

എന്നൊക്കെ വാർത്തകൾ വെച്ച് ചാമ്പുന്നത്.. തക്കം കിട്ടിയാൽ നമുക്കും പുളിക്കില്ല എന്ന് തെളിയിച്ച ജീർണലിസ്റ്റുകൾ..!!

കവർസ്റ്റോറി അവതാരകയുടെ ഭർത്താവിന്റെ പേരിലുമുണ്ട് ഒരു ഫ്ലാറ്റ്.. ഈ ആഴ്ചത്തെ കവർസ്റ്റോറിക്ക് നട്ടെല്ലുണ്ടോ സ്വന്തം ഫ്ലാറ്റ് കാണിച്ച് അഴിമതി വാർത്ത കാണിക്കാൻ.. ഇമ്മിണി പുളിക്കും..!!

പതിനായിരമോ ഇരുപതിനായിരമോ കാർഷിക വായ്പയെടുത്ത് തിരിച്ചടക്കാൻ നിവൃത്തിയില്ലാതെ വരുന്ന പാവം കർഷകനെ ജപ്തി ചെയ്ത് തെരുവിലിറക്കി ആത്മഹത്യ ചെയ്യിപ്പിക്കുന്ന നാടാണ് നമ്മുടേത്. ഇതും വെണ്ടക്കാ വാർത്തയാക്കുന്ന ജീർണലിസ്റ്റേ ഈ കർഷകന്റേയും കൂടി നികുതിപ്പണമാണ് നീ സർക്കാരിനേയും നാട്ടുകാരേയും കബളിപ്പിക്കാൻ ശ്രമിക്കുന്നത് എന്നോർക്കുക..

ഈ വാർത്തപുറത്ത് കൊണ്ട് വന്ന ഇൻഡ്യൻ എക്സ്പ്രസ്സ് ലേഖകൻ ഷാജു ഫിലിപ്പിന് അഭിനന്ദങ്ങൾ..! (പ്രലോഭനങ്ങളിൽ വീഴാതിരുന്നാൽ നന്ന്..)

(ഇത് അഴിമതി കുംഭകോണം നടത്തുന്ന മാധ്യമ പ്രവർത്തകരെ മാത്രം ഉദ്ദേശിച്ചാണ്; മറ്റാർക്കെങ്കിലും അങ്ങിനെ അല്ലാ എന്ന് തോന്നിയിട്ടുണ്ടെങ്കിൽ "ആയിരങ്ങളിൽ ഒരുവൻ" ഉത്തരവാദി അല്ല.)


Monday, July 2, 2012

പുരുഷു എന്നെ അനുഗ്രഹിക്കണം.. സോറി.. പുരുഷുവിനെ ഞാൻ അനുഗ്രഹിക്കുന്നു..!!



കുറച്ച് നാൾ ജയിലിൽ കഴിഞ്ഞതോടെ പിള്ളയുടെ ശൗര്യമൊക്കെ ഒരുമാതിരി വൺ.. ടൂ.. ത്രീ പറഞ്ഞ് കെണിയിലായിപ്പോയ മണിയുടേത് മാതിരി ആയിപ്പോയി..!

വെടി തീർന്ന ഠയറിൽ കമ്പിപ്പാര കുത്തി ബാക്കി കാറ്റ് കൂടി തുറന്ന് വിടുമ്പോഴത്തെ "ശ്..ശ്ശ്..ശ്ശൂ.."  എന്ന അവസ്ഥയിലാണ് കൊട്ടാരക്കരയിലെ ഈ ഗർജ്ജിക്കുന്ന സിംഗത്തിന്റെ ഇപ്പോഴത്തെ ഡയലോഗുകൾ കേട്ടാൽ തോന്നുക..!! കലികാലം..!

താനൊരു മണ്ടനാണെന്നും അത് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും പിള്ള സമ്മതിച്ച്പോലും.. എല്ലാ മണ്ടൻമാർക്കും ഒരു ദിവസമുണ്ടെന്നും അന്ന് മുഖ്യമന്ത്രി മനസ്സിലാക്കുമെന്നും പിള്ള സ്വയം ആശ്വസിക്കുന്നു..!! (മോനേ ഗണേശാ.. അപ്പനെക്കൊണ്ട് ഇത്രേം പറേപ്പിക്കണമാരുന്നോ...???)

രാഷ്ട്രീയത്തിൽ മക്കൾ തന്നെക്കാൾ കേമനാകണം എന്ന ആഗ്രഹിക്കുന്ന എല്ലാ അതിമോഹികളായ അഛൻമാർക്കുമുള്ള ഒരു താക്കീതാണ് ഒന്നും ചെയ്യാൻ പറ്റാതായിപ്പോയ പിള്ളയുടെ ഇപ്പോഴത്തെ ഈ നിസ്സഹായാവസ്ഥ..!!

അഛൻമാർ ജാഗ്രതൈ..!!

Tuesday, June 26, 2012

ഡാ വിജയാ ഇവർക്കെന്തേ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്..??






പെട്രോളിന് തുരു തുരെ കൂട്ടിക്കൂട്ടി സർവ്വ സാധനങ്ങൾക്കും തൊട്ടാൽ പൊള്ളുന്ന വിലയാക്കി സാധാരണക്കാരന്റെ നടു ഒടിച്ചിട്ട് ഇനി ആരെപ്പിഴിയാം എന്നാലോചിച്ചിരിക്കുമ്പോളാണ് കൂളിംഗ്ലാസും കളസവുമൊക്കെയായി അത്തറിന്റെ മണം പരത്തുന്ന ഒരു രൂപം സ്ലോ മോഷനിൽ തെളിഞ്ഞ് തെളിഞ്ഞ് വന്നത്..!!


വമ്പൻ വിദേശ കോർപ്പറേറ്റ്കൾക്കും സ്വകാര്യ കുത്തകകൾക്കും ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങൾക്ക് കണ്ണഞ്ചിപ്പിക്കുന്ന ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്ന സർക്കാരാണ് ഭൂരിപക്ഷം വരുന്ന സാധാരണ പ്രവാസികളുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ട് വാരാൻ പോകുന്നത്..!

പ്രതിഭാ പാട്ടീൽ ഖജനാവിൽ കൈയ്യിട്ട് വാരി ഊര് ചുറ്റാൻ പോയ കായി പിന്നെ നിന്റപ്പൻ കൊണ്ട്‌ത്തരുമോഡാ ദാസാ..!!

പാവം ഗൾഫ്കാരെ ഊറ്റിക്കുടിച്ച് പിന്നേം പിന്നേം നഷ്ടത്തിലോടുന്ന ആഗോള പ്രതിഭാസമായ ഇന്ത്യയുടെ മയിൽ വാഹനമായ എയർ ഇന്ത്യയുടെ മുതലാളിമാർക്ക് ശമ്പളം കൊടുക്കാൻ കാശെവിടുന്നുണ്ടാകും ദാസാ..!

ഈ മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കും സ്വിസ് ബാങ്കിലോട്ട് ഡിപ്പോസിറ്റ് ചെയ്യാൻ ലക്ഷം കോടികൾ പിന്നെ എവിടുന്നുണ്ടാകും ദാസാ..! ഇവരൊക്കെ എന്തോരം കോടികൾ മുടക്കീട്ടാണെന്നറിയാമോ നേതാക്കൻമാരും പിന്നെ മന്ത്രിമാരുമൊക്കെ ആകുന്നത്..!! {ഒരു ബിഷപ്പാവണേൽ കൊടുക്കണം കോടി മൂന്ന്..!!}

ഡാ വിജയാ ഇവർക്കെന്തേ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്..?? കൊറെ സമ്പാദിക്കാമായിരുന്നല്ലോ...

കൊടും ചൂടത്തും തണുപ്പത്തും ഒണക്ക ഖുബ്ബൂസ് തൈരിൽ മുക്കി തിന്ന് ചില്ലിക്കാശ് മിച്ചമുണ്ടാക്കുന്ന ശരാശരിയിലും താഴെയുള്ള പ്രവാസികളേയും, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വർഷാവർഷം "പ്രവാസി ഭാരതീയ ദിനങ്ങൾ" സംഘടിപ്പിച്ച് ചിക്കൻ നൂഡിൽസിന് സെവൻ സ്റ്റാർ ടേസ്റ്റ് ഇല്ലെന്നും പിന്നെങ്ങനെ പാവം പ്രവാസികൾ വല്ലതും തിന്ന് ജീവിക്കുമെന്നും പരിതപിക്കുന്ന ഉടലിനും തലക്കുമിടയിൽ കഴുത്തെന്ന സംഗതി ഇല്ലാണ്ടായിപ്പോയ കോട്ടും സൂട്ടുമിട്ട അണ്ണൻമാരെയും ഒരേ ത്രാസിൽ തൂക്കി 1000 രൂപക്ക് 123 രൂപ വച്ച് പിടിക്കാനുള്ള സർക്കാരിന്റെ ശ്രമം ന്യായീകരിക്കാൻ കഴിയുമോ..??


പുറം ചൊറിച്ചിൽ:

ബലാൽസംഗം ചെയ്യാൻ പോകുന്നവന് പെൺവേഷം കെട്ടി നിൽക്കുന്നതെല്ലാം പെണ്ണ് തന്നെ..!!
============================================================










((എന്നെക്കൊണ്ട് വെറുതെ പ്രതികരിപ്പിച്ചു.. 4 ജുലൈ വാർത്ത)

Monday, June 11, 2012

മണിക്കാകാമെങ്കിപ്പിന്നെ ഞമ്മക്കെന്താ ..??




ശുക്ര സംതരണം നടന്നിട്ടാണോന്നറിയില്ല, മാളത്തിനുള്ളിൽ ഒളിച്ചിരിക്കാൻ വയ്യാത്ത വിധം പെരുച്ചാഴികൾ ഒന്നൊന്നായി വെളിയിലേക്കിറങ്ങിറത്തുടങ്ങി.. അല്ലെങ്കിൽ തന്നെ ഒരുമാതിരി രാഷ്ട്രീയക്കാർക്കൊക്കെ കണ്ടകശ്ശനിയുടെ അപഹാരം സെൻട്രൽ ജയിൽ വരെ എത്തി നിൽക്കുമ്പോഴാണ് "ഞമ്മെക്കെന്താ പുളിക്ക്വാ" എന്ന ഭാവത്തിൽ ബഷീറിന്റെ വരവ്..

ഏറനാട് മുസ്ലിം ലീഗ് എമ്മെല്ലെ പി.കെ. ബഷീർ (ഇദ്ദേഹം ബഹുമാന്യനായ സീതി സാഹിബിന്റെ മകനാണ്) രണ്ട് പേരെ തട്ടിക്കളയാൻ പ്രസംഗത്തിലൂടെ പ്രകോപിപ്പിച്ചു എന്നാണ് പുതിയ കേസ്. ഈ വിദ്വാൻ അത്ര ചില്ലറക്കാരനൊന്നുമല്ല. ഇദ്യത്തിന്റെ ഒരു മുൻ പ്രസംഗം ദേ താഴെ ഉണ്ട്. ഒന്ന്  കേട്ട് നൊക്കീൻ.. ഒരൊന്നൊന്നര പ്രസംഗം തന്നെ.. ഈ ബഷീറിന്റെയൊക്കെ മുന്നിൽ മണിയൊക്കെ എന്ത് തങ്കം..!!




പല പാർട്ടികളിലായി വ്യാപിച്ച് കിടക്കാതെ ഇത്തരം രാഷ്ട്രീയ നേതാക്കൻമാർക്കെല്ലാം കൂടി ചേർന്ന് ഒരൊറ്റ പാർട്ടിയുണ്ടാക്കി "കേരള ക്വട്ടേഷൻ പാർടി" യെന്നോ മറ്റോ പേരിട്ട് "പിച്ചാത്തിപ്പിടി" ചിഹ്നത്തിൽ പൊതുധാരയിലിറങ്ങി പ്രവർത്തിച്ചാലെന്താ.. ഇനിയിപ്പൊ ആരെ പേടിക്കാൻ..!!

പുറം ചൊറിച്ചിൽ:
നുമ്മടെ പോലീസ് ടിപി വധക്കേസിൽ കാണിക്കുന്ന ശുഷ്കാന്തി ഈ ഭരണകക്ഷി എമ്മെല്ലെക്കെതിരെയും കാണിക്കുമായിരിക്കും അല്ലെ..?? ആൾകെരളാ ടെലിവിഷൻ ചർച്ച തൊഴിലാളികൾ ഇപ്പൊ ഇറങ്ങും അരയും തലയും മുറുക്കി ചർച്ചിക്കാൻ.. കേരളം വീണ്ടും വീണ്ടും ഭ്രാന്താലയം..!!


Tuesday, May 22, 2012

മത്തായിച്ചാ മുണ്ട്..മുണ്ട്..!! നീ മുണ്ട്..എനിക്ക് വലിയ പരിചയമൊന്നുമില്ല.. ഞാൻ മുണ്ടില്ല..!!




ഒടുവിൽ സംസ്കാരിക നായകൻമാർ വായ തുറന്നിരിക്കുന്നു.. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ടി.പി യുടെ കൊലപാതകം നടന്ന് മാസമൊന്നാകാറായപ്പോൾ.. ഇവരൊക്കെ എവിടെയായിരുന്നു ഇതു വരെ..??

മലയാളത്തിന്റെ മഹാകവി ഓ.എൻ.വി "പ്രതികരിക്കുന്നില്ല" എന്ന് പ്രതികരിച്ചിരിക്കുന്നു..

ടി.പത്മനാഭൻ പറയുന്നത് "എഴുത്ത്കാരൻ പ്രതികരണ തൊഴിലാളി" അല്ല പോലും.. എന്തിനും ഏതിനും എഴുത്ത്കാരൻ പ്രതികരിക്കണം എന്ന് പറയുന്നത് ശെരിയല്ല എന്നാണ് വെളിപാട്..

ജനകീയ നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന് ഈ വിഷയത്തിൽ ഒന്നും പറയാനില്ല പൊലും..

ബാക്കിയുള്ളവരും നാട്ടുകാരുടെ ചോദ്യം കേട്ട് കേട്ട് സഹിക്കാൻ വയ്യാതെ ഇപ്പോൾ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു.. വെറും ബോധ്യപ്പെടുത്തൽ മാത്രം..!!

സാമൂഹിക അനീതിക്കും അക്രമങ്ങൾക്കുമെതിരെ എഴുതിയെഴുതി വായനക്കാരെ പ്രബുദ്ധരാക്കിക്കൊണ്ടിരുന്ന മഹാൻമാരായ ഈ എഴുത്ത്കാർക്ക് ഈ കൊലപാതകത്തിനെതിരെ പ്രതികരിക്കാൻ ബുദ്ധിമുട്ടായിരിക്കുന്നു.. പൗരുഷം മറ്റെന്തിനൊക്കെയോ അടിയറവ് വച്ചിരിക്കുന്നുവോ..?? ഇത്തരം സന്ദർഭങ്ങളിൽ സുകുമാർ അഴീക്കോട് മാഷിന്റെ നഷ്ടം സാംസ്കാരിക കേരളം തിരിച്ചറിയുന്നു..

സമൂഹത്തിന്റെ ഗതിവിഗതികളിലൂടെ പറഞ്ഞും പ്രതികരിച്ചും നടന്ന്പോകേണ്ടവനാണ് യഥാർത്ഥ എഴുത്ത്കാരൻ. സാമൂഹിക പ്രതിബദ്ധതയില്ലാത്തവൻ എഴുത്ത്കാരനല്ല, വിറ്റ്പോകുന്ന പുസ്തകങ്ങളുടെ റോയൽറ്റി എന്ന പഴച്ചാറിന് വേണ്ടി ആർത്തിപൂണ്ടിരിക്കുന്ന വെറും കച്ചവടക്കാരൻ മാത്രമാണ്.. കച്ചവടക്കണ്ണിൽ ഒരിക്കലും മനുഷ്യത്വം ഉണ്ടാകില്ല..

മുഖമാകെ അമ്പതിൽ പരം വെട്ടും കുത്തും കൊണ്ട് വികൃതമാക്കപ്പെട്ട പൈശാചികമായ ഈ കൊലപാതകത്തിനെതിരെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ എഴുത്ത്കാർക്ക് മനുഷ്യത്വത്തിന്റെ പേരിലെങ്കിലും ഒന്നു പ്രതികരിക്കാൻ കഴിയുന്നില്ലെങ്കിൽ.. ഹേ നിർലജ്ജ പൗരുഷമേ...കേരളം ലജ്ജിക്കുന്നൂ..!!


പുറം ചൊറിയൽ:
മോഹൻലാലിനെ ലാലേട്ടനാക്കിയ കേരളത്തിൽ ജീവിക്കുവാൻ അദ്ദേഹത്തിനിപ്പോൾ പേടിയാണ് പോലും...പുള്ളിക്ക് ദുഫായിൽ സ്വന്തം ഫ്ലാറ്റും വില്ലയുമൊക്കെ ഉള്ളത്കൊണ്ട് ഒരു കുഴപ്പവുമില്ല.. പാവം നുമ്മ പുവർ മല്ലൂസ് എന്ത് ചെയ്യും.. എന്റെ ശിബനേ..!!  



Saturday, May 19, 2012

ബലാൽസംഗം ചെയ്യുവാൻ തീരുമാനിച്ചിറങ്ങിയവൻ ബ്രേസിയറിന്റെ അളവു ചോദിക്കുന്നതെന്തിന്??


എല്ലാർക്കും സുന്ദരിമാരും സുന്ദരൻമാരും ആകണമെന്ന അതിമോഹത്തെ സിനിമാ നടിമാരും നടൻമാരും കൈയ് നിറയെ കാശും വാങ്ങി ധാത്രിക്കും, ഇന്ദുലേഖക്കും, ശ്രീധരീയത്തിനും ഒക്കെ വേണ്ടി ആളെക്കൂട്ടിക്കൊടുത്തിട്ടിപ്പോ എന്തായി..?? ((കള്ളക്കമ്പനികളുടെ പരസ്യത്തിലൂടെ ആളുകളെ പറ്റിച്ച കാവ്യാമാധവൻ, സംവൃതാ സുനിൽ, സംയുക്താവർമ, നവ്യാനായർ, അനൂപ് മേനൊൻ എല്ലാരും നാട്ടുകാരോട് മറുപടി പറയണം))

കഷണ്ടിയുണ്ടോ?? കുടവയറുണ്ടോ?? നിങ്ങൾക്ക് ഭർത്താവിനെ സംശയമുണ്ടോ?? ഭാര്യക്ക് രഹസ്യക്കാരനുണ്ടോ?? നിങ്ങൾക്കെന്തുണ്ടോ അതിനൊക്കെ ശാശ്വത പരിഹാരമല്ലെ ഇവർ വാഗ്ദാനം ചെയ്തത്. ഉള്ളതിനെ ഇല്ലാതാക്കി തരും, ഇല്ലാത്തതിനെ ഉണ്ടാക്കി തരും. എന്തിനേറേ വീട്ടിനുള്ളിൽ അല്പസ്വല്പം മനസമാധാനമുണ്ടെങ്കിൽ അതുവരെ ഇല്ലാണ്ടാക്കി തരാൻ ആയുർവേദ ഒറ്റമൂലി റെഡി..!!

കോടിക്കണക്കിന് പരസ്യ വരുമാനമുള്ളത് കൊണ്ട് ഇയ്യിടെ നടന്ന തട്ടിപ്പ് വാർത്തകളും റെയിഡ് വാർത്തകളും മുഖ്യധാരാ വാർത്താമാധ്യമങ്ങൾ കണ്ണ്മടച്ച് വിഴുങ്ങി..ബലാൽസംഗം ചെയ്യുവാൻ തീരുമാനിച്ചിറങ്ങിയവൻ ബ്രേസിയറിന്റെ അളവു ചോദിക്കുന്നതെന്തിന്?? പണം തരുന്നവന്റെ ആസനം വരെ നക്കിക്കൊടുക്കുന്ന പുത്തൻ മാധ്യമ സംസ്കാരം..!!

ആട്, തേക്ക്, മാഞ്ചിയം, റ്റോട്ടൽ 4 യു, ലിസ്, ലോട്ടറി, ആപ്പിൾ.. എത്രയെത്ര ഇക്കിളിപ്പെടുത്തുന്ന വാഗ്ദാനങ്ങൾ നമ്മെ കോരിത്തരിപ്പിച്ചു.. എന്നിട്ടും നമ്മൾ പഠിച്ചില്ല.. ഇനി പഠിക്കുകയുമില്ല..തട്ടിപ്പുകാർക്കിത് നന്നായിട്ടറിയുകേം ചെയ്യാം..!!

നാളെ ബഹിരാകാശത്ത് പത്ത് സെന്റ് ആകാശം ബുക്ക് ചെയ്ത് അഡ്വാൻസ് കൊടുക്കാൻ പരസ്യം കണ്ടാൽ അവിടെയും നമ്മൾ കൊണ്ട് പോയി തലവച്ച് കൊടുക്കും.. അതാണ് നമ്മൾ..മലയാളീസ്..!!


പുറംചൊറിയൽ:
ഇപ്പോൾ ഡയബറ്റിക് രോഗികളുടെ എണ്ണം കൂടി വരുന്നത് കണ്ട് ഹാലിളകിയ ആയുർവേദ കമ്പനിക്കാർ അവരുടെ പുറകെ കൂടിയിരിക്കുകയാണ്.. മധുരാമൃതം, ഡയബറ്റീ എന്ന് വേണ്ട എന്തൊക്കെ ആണ് ഇപ്പോൾ ഇവരുടെ വക  ഐറ്റംസ് വിപണിയിൽ കിട്ടുന്നത്..!!


Thursday, May 10, 2012

അർത്ഥം കണ്ട് പിടിച്ച് വാക്യത്തിൽ പ്രയോഗിക്കുക..


ഗുണ്ടർട്ട് സായ്പ് കാലം ചെയ്തതിന് ശേഷം മലയാള ഭാഷക്ക് അങ്ങിനെ ഇങ്ങിനെയൊന്നും പറയത്തക്കതായ ഒരു എഴുമ്പേറ്റം ഇല്ലാണ്ടിരിക്കുകയായിരുന്നു..

പുതിയ തലമുറ മംഗ്ലീഷിൽ "മലയാലം" പറഞ്ഞ് ഭാഷയെ എന്തരോ ചെയ്യുമ്പോൾ മണ്മറഞ്ഞ് പൊയ്കൊണ്ടിരിക്കുന്ന മലയാള ഭാഷക്ക് നമ്മുടെ ചില രാഷ്ട്രീയ നേതാക്കൾ അടുത്തകാലത്തായി വാരിക്കോരി തരുന്ന സംഭാവനകൾ എത്ര വലുതാണ്.

പ്രത്യേകിച്ചും രാഷ്ട്രീയ എതിരാളികൾക്കിട്ട് നാല് അലക്കലക്കണമെന്ന് തോന്നുമ്പോൾ സന്ദർഭം പോലുമാലോചിക്കാതെ ഈ നേതാക്കളുടെ നാവിൻ തുമ്പിൽ വിളയാടുന്ന ഭാഷാ പ്രയോഗങ്ങൾ ഹോ.. വർണിക്കാൻ വാക്കുകളില്ല തന്നെ.. വോവ്.. ഏവ്സം..

ഇതൊക്കെ മലയാലം മംഗ്ലീഷിൽ പറയുന്ന രഞ്ജിനി ഹരിദാസും പിന്നെ മറ്റ് പീറ ചാനൽ പിള്ളേരും കേട്ട് പഠിക്കട്ടെ..

ജയരാജൻ, അച്ചുതാനന്ദൻ, ഗണേഷ് കുമാർ തുടങ്ങിയവരാണ് ഇതിന് മുമ്പ് ഈ മേഖലയിൽ ഗവേഷണം നടത്തി ഭാഷയെ പരിപോഷിപ്പിച്ചിട്ടുള്ളവരിൽ പ്രമുഖർ. ഇപ്പോൾ അത്രക്ക് വലിയ കേട്ടുകേൾവിയൊന്നുമില്ലാതിരുന്ന "കുലം കുത്തി" എന്ന വാക്കുമായി പിണറായി കൂടി ഈ പട്ടികയിൽ മഹനീയ സ്ഥാനം അലങ്കരിച്ചിരിക്കുന്നു.. അഭിനന്ദനങ്ങൾ..!!

ട്രാഫിക് പോലീസുകാർക്ക് ഇനിമുതൽ ഹെൽമറ്റില്ലാതെ ബൈക്കോടിച്ച് പിടിക്കുന്ന യാത്രക്കാരെക്കൊണ്ട് 200 പേജ് ബുക്ക് നിറയെ "കുലം കുത്തി.. കുലം കുത്തി" എന്ന് ഇമ്പോസിഷൻ എഴുതിപ്പിച്ച് വാക്കിന്റെ പ്രാധാന്യം നാട്ടുകാർക്ക് മനസ്സിലാക്കി കൊടുക്കാവുന്നതാണ്

{ശുംഭന്‍, നികൃഷ്ട ജീവി, അഭിസാരിക അഥവാ കറിവേപ്പില, കാമഭ്രാന്തന്‍, കുലംകുത്തി തുടങ്ങിയവയാണ് അടുത്തിടെയായി മലയാളത്തിന്റെ യശസ്സുയർത്തും വിധം ഉപയോഗിക്കപ്പെട്ട വാക്കുകൾ..! (ഓർമയിൽ വരാത്തവ വിട്ടു പോയിട്ടുണ്ട്; ക്ഷമിക്കുക) }

ഇനിയെങ്കിലും മലയാള ഭാഷക്ക് ക്ലാസിക് പദവി നൽകി ആദരിക്കാൻ കേന്ദ്രത്തിന് കനിവുണ്ടാകുമോ??


എന്റെ സംശയം: രാഷ്ട്രീയ എതിരാളികളെ കൊട്ടേഷൻ കൊടുത്ത് കൊല്ലിക്കുന്നതിനേക്കാൾ വലിയ വിഷയമാണോ "കുലം കുത്തി" വിവാദം??

Monday, April 30, 2012

വെറുതെയല്ല ഭാര്യ.. പത്ത് പേരെ കാണിക്കാനാ..!!"

















അങ്ങിനെ കേരളത്തിലെ കോടിക്കണക്കിന് വരുന്ന ദമ്പതികളാരും ദമ്പതികളല്ലെന്നും, മനോരമക്കാർ പ്രഖ്യാപിച്ച ദമ്പതിമാരാണ് ഏദൻ തോട്ടത്തിലെ യഥാർത്ഥ ആദവും ഹവ്വയുമെന്നും, ബാക്കിയുള്ള സകല അലവലാതി ഭാര്യമാരും, ഭർത്താക്കന്മാരും ചട്ടിയും കലവും പരസ്പരം നെഞ്ചെത്തെറിഞ്ഞുടച്ചും, ഭാര്യമാർ ഭർത്താക്കന്മാരുടെ രഹസ്യക്കാരിക്കിട്ട് പണി കൊടുത്തും, ഭർത്താക്കന്മാർ ഭാര്യമാരുടെ രഹസ്യക്കാരെ തപ്പി പിടിച്ച് പറ്റുമെങ്കിൽ അപ്പോൾ തന്നെ ലവന്മാരുടെ തലയിൽ കെട്ടി വച്ച് ആർമാദിക്കുന്ന കൂതറകളാണെന്നും, വേറെ കുറെ ഭാര്യമാർ വിധവാ പെൻഷൻ കിട്ടുമെന്നുള്ള ഒറ്റ ആശ്വാസത്തിൻമേൽ പലതും സഹിച്ച് ജീവിച്ച് പോരുകയാണെന്നും ആണെന്നാണോ ചാനൽ മുതലാളിമാർ പറയുന്നത്...???

ഈ 60 ലക്ഷത്തിന്റെ ഫ്ലാറ്റിന് വേണ്ടിയുള്ള ഭാര്യമാരുടേയും ഭർത്താക്കൻമാരുടേയും ഡപ്പാംകൂത്തും ആക്രാന്തവും കണ്ടാൽ ഏത് പെണ്ണുങ്ങളും വെറുതെയെങ്കിലും പ്രാർത്ഥിച്ച് പോകും: "ഹീശ്വരാ.. എന്റെ കെട്ട്യോനും ബോട്ടും കൊണ്ട് കടലിൽ പോയിട്ടുണ്ട്, അങ്ങോരുടെ ബോട്ടിന് മുമ്പിലും ഒരു ഇറ്റലിക്കാരന്റെ കപ്പൽ വരണെ ഫഗവാനേ... റ്റീവിയിൽ ഇമ്മാതിരി ഡപ്പാംകുത്തൊന്നും കാണിക്കാതെ കോടി ഒന്ന് പുഷ്പം പോലെ ഇങ്ങ് പോന്നേനെ..."

ചേട്ടൻമാരെ ഭാര്യമാരോട് വെറുതെ അസൂയാലുക്കളായിട്ട് ഒരു കാര്യവുമില്ല. വീട്ടിൽ വെറുതെയിരുന്ന് തൊട്ടതിനും പിടിച്ചതിനും ചുമ്മാ ചൊറിയുന്ന ഭാര്യമാരെ പരദൂക്ഷണം പറയാൻ വിടാതെ കൊണ്ട് പോകൂ ഈ രണ്ടാം സീസണിൽ; എന്നിട്ട് നെഞ്ച് വിരിച്ച് പറയൂ " വെറുതെയല്ല ഭാര്യ.. പത്ത് പേരെ കാണിക്കാനാ.."

ഈ ചാനൽ മാമാങ്കത്തിൽ സമ്മാനം കിട്ടാതെ മനസമാധാനം തകർന്ന് മാതൃകാ ദമ്പതികളല്ലാതായി തീർന്ന ബാക്കി എല്ലാ മൽസരാത്ഥികൾക്കും അനുശോചനം..!!

Wednesday, April 11, 2012

ഈ അഞ്ചാമനെന്നാൽ ആരാണെന്നാ ബിസാരം...!!!



ഒടുവിൽ അഞ്ചാമൻ ഭൂമിയിൽ ഭൂജാതനായി..!

ഇതോടെ കേരളത്തിലെ ജനങ്ങളുടെ സകലമാന അടിയന്തിര പ്രശ്നങ്ങൾക്കും പരിഹാരമാകാൻ പോകുകയാണ്.

വറുതിയും, പട്ടിണിയും, പരിവട്ടവും, പിടിച്ച് പറിയും, കള്ളനോട്ടടിയും,സ്ത്രീ പീഡനങ്ങളും, പെൺവാണിഭം, പ്രായമാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കൽ, പെൺ ഭ്രൂണ ഹത്യ, പൊട്ടിപ്പൊളിഞ്ഞ റോഡ്, റോഡപകടങ്ങൾ, വിലക്കയറ്റം, സർക്കാരാപ്പീസുകളിലെ കൈക്കൂലി, തൊഴിലില്ലായ്മ,ക്വട്ടേഷൻ, മോഷണം, കൊലപാതകം, കള്ളക്കടത്ത്, വിദ്യാഭ്യാസക്കച്ചവടം തുടങ്ങി സകല തട്ടിപ്പ് തരികിട പരിപാടികളും കേരളത്തിൽ നിന്ന് അപ്രത്യക്ഷമാകാൻ പോകുകയാണ്..

ഹോ.. ഈ അഞ്ചാം മന്ത്രി ഇല്ലായിരുന്നെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു... ഹീശ്വരാ..!!

ഇനിമുതൽ കേരളം, തമിഴ്നാട്ടിൽ നിന്നും പാണ്ടിലോറിയിൽ കൊണ്ടുവരുന്ന പാലും തേനും ഒഴുക്കി കനാൻ ദേശമായി അറിയപ്പെടും..!!

അഞ്ചാമനെ മന്ത്രിയാക്കി കേരളത്തെയും കേരള ജനതയെയും വരാനിരുന്ന ഒരു വൻ വിപത്തിൽ നിന്നും അതി സാഹസികമായി രക്ഷിച്ച മുഖ്യമന്ത്രിക്കും ചെന്നിത്തലക്കും അഭിവാദ്യങ്ങൾ.. ഒപ്പം ചരിത്രത്തിന്റെ സ്വർണ്ണ താളുകളിൽ ഇടം പിടിച്ച ലീഗ് മന്ത്രി നീണാൾ വാഴട്ടെ..!!

((ഈ ചേട്ടന്മാർക്കെന്തേ ഈ ബുദ്ധി നേരത്തേ തോന്നാതിരുന്നത്..!!))

Saturday, March 24, 2012

എമ്മെല്ലെമാർക്ക് കേരള ഗവൺമെന്റ് ഭാഗ്യക്കുറിയുടെ ബമ്പറടിച്ചു..!!

MLA മാരുടെ ശമ്പളം 39,500 രൂപയാക്കി വർദ്ധിപ്പിച്ചു. മുൻപ് 20,300 രൂപയായിരുന്നു..

പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഐകകണ്ഠേന സമ്മതം.. സഭ സ്തംഭിപ്പിക്കലില്ല, ഇറങ്ങിപ്പോക്കില്ല, നടുത്തളത്തിൽ കുത്തിയിരിപ്പില്ല, കൂട്ടത്തല്ലില്ല, മന്ത്രിമാർക്ക് നേരെ കരിങ്കൊടി കാണിക്കലില്ല.. എന്തൊരു ഐകമത്യം.. ഹോ..!!

അത്രെം മാത്രമല്ല; ഇനീമുണ്ട് അലവൻസുകൾ;

നിയോജക മണ്ഡലം അലവൻസ്:  12,000 രൂ.
നിശ്ചിത റ്റീ.എ.                       :   15,000 രൂ.
ടെലഫോൺ അലവൻസ്    :  15,000 രൂ.
ഇൻഫർമേഷൻ ബത്ത        : 1000 രൂ
(??? രഹസ്യം ചോർത്തിക്കൊടുക്കുന്നതിനുള്ള അലവൻസാണോ?? ജോർജ്ജിനൊക്കെ ഒരു സംഖ്യ കിട്ടുമായിരിക്കുമല്ലോ)

അനാമത്ത് ചിലവുകൾ    : 3000 രൂ.
(??? അപ്പോൾ പിന്നെ ഈ കൊടുക്കുന്നതൊക്കെ എന്താണാവോ?)

റോഡ് യാത്ര കിലോമീറ്ററിന്        7 രൂ.
ദിന ബത്ത (യാത്ര ചെയ്യുമ്പോൾ) 750 രൂ.

പിന്നെ ഉന്തിത്തള്ളി 5 കൊല്ലം കൊണ്ടെത്തിച്ചാൽ പെൻഷൻ 10000  രൂ.

എല്ലാം കൂടി ആകെ മൊത്തം ഒരെമൗണ്ട് മാസാമാസം ഇങ്ങു പോരും..

ഇതു വെറും ചോട്ടാ MLA മാരുടെ കാര്യം.. അപ്പോൾ പിന്നെ മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയുമൊക്കെ കാര്യം പറയാനുണ്ടോ...!!

ഇനിയിപ്പോ ചിലവൻമാരൊക്കെ നെയ്യാറ്റിങ്കരയിലൊരു തള്ള് തള്ളും.... കിട്ടിയാൽ ലോട്ടറി..

(നാട്ടുകാരുടെ തല പണയം വെച്ച് വായ്പ തരാൻ ലോക ബാങ്കും, ജപ്പാൻ പദ്ധതി, മെട്രോ പ്രൊജക്റ്റ് തുടങ്ങി കുറെ ഗമണ്ടൻ പരിപാടികളൊക്കെയുള്ളത് കൊണ്ട് ഖജനാവിൽ പണത്തിന് വലിയ പങ്കപ്പാട് കാണില്ല.. കാട്ടിലെ തടി, തേവരുടെ ആന.. വലിയെടാ.. വലി..)





Saturday, March 10, 2012

അറിയാത്ത പാർടി, സെൽവരാജൻമാർ ചൊറിയുമ്പോൾ അറിയണം..


കോമഡിഷോ കണ്ടുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കറണ്ട് പോയാൽ ജനാലയിലൂടെ അയലത്ത്കാരന്റെ വീട്ടിൽ ഒളിഞ്ഞ് നോക്കിയിട്ട് അവിടേം പോയെങ്കിൽ ഹൊ..ഹെന്തൊരാശ്വാസം.. എന്നിട്ട് "അമ്മിണിയേയ് ലവന്റേം പോയെടീ.." എന്നുകൂടി പറഞ്ഞാലേ നമ്മൾ മലബാറീസിന് സമാധാനമാകൂ..!!

അങ്ങിനെ ലവന്റെ പോകുന്നതും, പിന്നെ രണ്ടവൻമാരെക്കൂടി ഇങ്ങോട്ട് പൊക്കുന്നതും, ഭരണം മറിയുന്നതുമൊക്കെ മനക്കോട്ട കെട്ടി പിറവത്തോട്ട് കണ്ണും നട്ടിരിക്കുന്നതിനിടയിൽ സ്വന്തം കളസത്തിന്നടിയിലൂടെ ഒരുത്തൻ ഊർന്ന് പോയത് പന്ത്രണ്ടാം മണിക്കൂറിലാണ് ഹൈടെക് കോർപറേറ്റ് പാർടി അറിയുന്നത്..ലവനാരാ സാധനം.. ഇവിടെ മനക്കോട്ട കെട്ടിയപ്പം അവിടെ കോട്ടകെട്ടി ഗേറ്റടച്ച് കുറ്റിയും വച്ചു..!

പീസീ ജോർജ് ആണ് സെൽവരാജിനെ ചാക്കിലാക്കിയതെന്ന് വീയെസ് ആണയിട്ട്  പറയുന്നു. ഈ ചാരബുദ്ധി വീയെസിന് നേരത്തെ പ്രവർത്തിപ്പിച്ചിരുന്നെങ്കിൽ രാജി ഒഴിവാക്കാമായിരുന്നല്ലോ..?? അതോ ഒരു പണി കേന്ദ്രക്കമ്മറ്റിക്കും മറ്റേ സാറൻമാരിക്കും ഇരിക്കട്ടെ എന്നു കരുതി മനഃപ്പൂർവ്വം ഭൂതം കുടത്തീന്ന് ചാടും വരെ മിണ്ടാതിരുന്നതാണോ..??

പിറവം തിരഞ്ഞെടുപ്പിന് മുൻപ് ഇനിയും പൊട്ടും ഇപ്പപ്പൊട്ടും എന്ന് പുലമ്പിക്കൊണ്ട് പീസീ ജോർജും, ചാടിയവൻ വന്നാൽ ഞങ്ങളെടുത്തോളാം എന്ന് മുഖ്യനും പാടിനടക്കുന്നു..

കുതികാൽ വെട്ടും, മറുകണ്ടം ചാടലും, കുതിരക്കച്ചവടവും പാർടിക്കുള്ളിലെ വെട്ടിനിരത്തലും ഒന്നും രാഷ്ട്രീയത്തിൽ പുത്തരിയല്ല.. രാഷ്ട്രീയ സദാചാര മൂല്യങ്ങൾ മറന്നുകൊണ്ടുള്ള അവസര വാദം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പാർടികൾക്കും ഭൂഷണമല്ല.. ഇന്ന് ഇങ്ങോട്ട് ചാടിയവൻ നാളെ ലാഭം കൂടുതൽ കിട്ടുമ്പോൾ വീണ്ടും മറുകണ്ടം ചാടും..!! അതാണ് നാട്ട് നടപ്പ്..!!


ഇപ്പോൾ കേട്ടത്:
യു ഡി എഫ് ന് നെയ്യാറ്റിങ്കരയിൽ മൽസരിക്കാൻ വേറെ ആങ്കുട്ടികളുണ്ട്, ചാടിവന്ന സെൽവരാജന്റെ ആവശ്യമില്ലെന്ന് മുരളീധരൻ പരസ്യമായി തുറന്നടിച്ചിരിക്കുന്നു..!!



Wednesday, February 29, 2012

ആപ്പിലായ കപ്പല് മുതലാളി..!!



എൻറിക്ക ലെക്സി.. ഒന്ന് സൂക്ഷിച്ച് നോക്കിക്കേ.. പേരിൽ തന്നെ എന്തോ ഒരു
പെരിസ്ട്രോയിക്ക ഉള്ളത് പോലെ തോന്നുന്നില്ലേ..??

ഒരു പ്രകോപനവുമില്ലാതെ രണ്ട് പാവം മൽസ്യ തൊഴിലാളികളെ നിഷ്കരുണം കടൽ മധ്യത്തിൽ വെടി വച്ച് കൊന്ന കപ്പലിൽ ഉണ്ടായിരുന്ന ആറ് നാവികർക്ക് ഉപയോഗിക്കാൻ ആവ്ശ്യമായതിലുമധികം ആയുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.

കപ്പലിൽ നിന്നല്ല വെടിയുതിർത്തത് എന്ന് വരുത്തി തീർത്ത് കേസിനെ തേയ്ച് മായ്ച് കളയാൻ കപ്പിത്താൻ നടത്തിയ കള്ളക്കളികൾ ഫോറൻസിക് വിധഗ്ദരുടെ പരിശോധനയിൽ പൊളിയുമെന്നിരിക്കെ കപ്പലിൽ ആയുധങ്ങളൊന്നുമില്ല എന്ന് ആദ്യം കള്ളം പറഞ്ഞ ക്യാപ്റ്റൻ പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ ആയുധമുണ്ട് എന്ന് തിരുത്തിപ്പറഞ്ഞു. എന്തായാലും കപ്പലിലെ സകല തുപ്പാക്കികളും ചാക്കിൽ കെട്ടി പരിശോധനക്ക് കൊണ്ട് വന്നിട്ടുണ്ട്.

കപ്പലിന് ഒരിഞ്ച് അനങ്ങണമെങ്കിൽ മൂന്ന് കോടി രൂപ ബാങ്ക് ഗ്യാരന്റി നൽകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. കപ്പൽ പിടിച്ചിട്ടിരിക്കുന്ന കടൽ പ്രദേശം പിറവത്തല്ലാത്തത് കൊണ്ട് കപ്പൽ വിഷയം ഉപതിരഞ്ഞെടുപ്പിൽ ഇരു കക്ഷികളുടെയും വിജയത്തിലും പരാജയത്തിലും ഒരു ചലനവും ഉണ്ടാക്കില്ല.. അത്രയും ആശ്വാസം..!!

ഇനി മധ്യസ്ഥ ചർച്ചകൾ 10 ജനപഥ് ന്യൂഡൽഹി വഴി തിരിച്ച് വിട്ട് പുഷ്പം പ്പോലെ ഊരിപ്പോകാമെന്ന് പാവം കപ്പല് മുതലാളിക്ക് ആഗ്രഹം വല്ലതും ഉണ്ടോ ആവോ..??

മറിമായങ്ങൾ ഒന്നും നടന്നില്ലെങ്കിൽ മരണമടഞ്ഞ മൽസ്യത്തൊഴിലാളികളുടെ
കുടുംബങ്ങൾക്ക് നീതി ലഭിക്കും...!!

====================================================
കപ്പലിന്റെ ഡക്കിൽ കേട്ടത്: സോണിയാഗാന്ധി വൈദ്യപരിശോധനകൾക്കായി
വിദേശത്തേക്ക് പൊയി..!!


Sunday, February 12, 2012

വാലന്റൈൻ പിന്തിരിപ്പൻ മൂരാച്ചികളെ കൃമികടിക്ക് മരുന്നില്ല...!!!




അമ്മായിഅമ്മേടെ നടു ഉളുക്കിയാൽ കുടുംബശ്രീയിൽ മരുമകളുടെ വക ആഘോഷം, മരണ ശേഷം ഒസ്യത്ത് എഴുതി വച്ച തന്തപ്പടി തട്ടിപ്പോയാൽ മക്കൾ കുപ്പി പൊട്ടിച്ചാഘോഷം, പിള്ളാരെ ഭർത്താവിന് ബോണസ്സായി കൊടുത്ത് ഭാര്യ അയൽക്കാരന്റെ കൂടെ മുങ്ങിയാൽ "സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യെ.." പാടി കെട്ടിയോന്റെ മുഴുനീള ആഘോഷം, പറമ്പ് കിളപ്പിക്കുവാനോ, തേങ്ങായിടാനോ ഒരുത്തനെ ഒത്ത് കിട്ടിയാൽ അതിന് മറ്റൊരാഘോഷം..അങ്ങിനെ കേരള നാട്ടിൽ ആഘോഷങ്ങൾക്ക് ഒരു പഞ്ഞവുമില്ല...  "ഞാനില്ലാതെ നിങ്ങൾക്കെന്താഘോഷം.." എന്ന ബിവറേജസിന്റെ കാലാകാലങ്ങളിലെ വിറ്റ്‌വരവു തന്നെ അതിന് തെളിവ്...

തൊട്ടതിനും പിടിച്ചതിനുമൊക്കെ ആഘോഷിക്കാമെങ്കിൽ പിന്നെ വാലന്റൈൻ ആഘോഷിച്ചാൽ ഇവിടെന്താ ആരുടെയെങ്കിലും കപ്പല് മുങ്ങിപ്പോകുമോ..?? മൂരാച്ചി തന്തമാർക്കും അവരെ സപ്പോർട്ടുന്ന പിന്തിരിപ്പൻ തള്ളമാർക്കും ഇതിനൊന്നും പറ്റാതെ പോയതിലുള്ള അസൂയയും കുശുമ്പുമല്ലേ..??

"ബ്ലഡി കൂതറ പ്യാരന്റ്സ്"

അയ്യോ ഇതൊന്നും ഞാൻ പറയുന്നതല്ല.. ഇന്നത്തെ പുതു പുത്തൻ പിള്ളാര് ചോദിക്കുന്നതാണേ.. ഈ മക്കൾക്കറിയുമോ; വീട്ടിൽ നിന്ന് പുറത്ത് പോകുന്ന പെൺമക്കളും ആൺമക്കളും പ്രത്യേകിച്ച് പെൺകുട്ടികൾ സുരക്ഷിതരായി വീട്ടിൽ തിരിച്ചെത്തുന്നത് വരെ അവരുടെ  മാതാപിതാക്കളുടെ നെഞ്ചിലെ തീ..!! ഈ മക്കളെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുവാൻ ഇന്നത്തെ ചാനലുകാരുടെയും, കച്ചവടക്കാരുടെയും മാർക്കറ്റിംഗ് തന്ത്രം വൻതോതിൽ  ഇവരിൽ സ്വാധീനം ചെലുത്തിയിത്തിയിട്ടില്ലേ..??

"വിശ്വാസം അതല്ലെ എല്ലാം..!!"

വാലന്റൈൻ എന്ന പാതിരിയുടെ തല വെട്ടുന്നതിന് മുൻപേ ആദവും ഹവ്വയും ഉണ്ടായ കാലം മുതൽ പ്രപഞ്ചത്തിൽ പ്രണയം ഉണ്ടായിരുന്നു.. കലണ്ടറിൽ ഫെബ്രുവരി 14 എന്ന ഒരു ദിവസം ഇല്ലെങ്കിലും കോടാനുകോടി പ്രണയിനികൾ പ്രണയിക്കും..

വാലന്റൈൻ ദിനം എന്ന ഒരു സംഭവം ഇല്ലെങ്കിലും യഥാർത്ഥ പ്രണയം ലോകാവസാനം വരെ തുടർന്നുകൊണ്ടേയിരിക്കും.. പിന്നെ എന്തിന് ഇതിനുവേണ്ടി പ്രത്യേകമായി ഒരു ദിവസം..??