"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Monday, October 31, 2011

മന്ത്രീടെ മാപ്പിലെ കോപ്പ്..!!





 സ്റ്റാർട്ടും, ആക്ഷനും, ഗ്ലിസറിനും, ലൈറ്റപ്പുമൊന്നുമില്ലാതെ ഗണേഷ്കുമാർ മാധ്യമങ്ങൾക്ക് മുന്നിൽ കഴിഞ്ഞ ആഴ്ചയിൽ വിവാദമായ(വിവാദമാക്കിയ) ഞരമ്പുരോഗ പ്രസംഗത്തിൽ അഗാധമായ ഖേദം പ്രകടിപ്പിച്ച് തത്കാലത്തേക്ക് തടിതപ്പി..

ഗണേഷ്കുമാർ എന്ന നടന്റെ അറിവിലേക്ക് ചിലത്:

ലോകരാഷ്ട്രങ്ങൾ ബഹുമാനിക്കുന്ന ഡോ.അബ്ദുൽഖലാമിനെ പോലെ ഉന്നതനായ ഒരു ശാസ്ത്രജ്ഞനെ "മുകളിലേക്ക് മാത്രം വാണം വിടുന്ന വിദ്വാൻ" എന്നും എതിർ സ്ഥാനാർത്ഥിയായ് മൽസരിച്ച വനിതയെ ദ്വയാർത്ഥത്തിൽ "ഇവർ പല കാര്യങ്ങളിലും പ്രശസ്തയാണ്" എന്ന് ഒരു മാതിരി ആക്കി പറയാനും, മരണമടഞ്ഞ ധീരജവാന്റെ ദു:ഖം തളം കെട്ടി നിൽക്കുന്ന വീട്ടിൽ ചെന്ന് "പട്ടാളക്കാരനല്ലായിരുന്നെങ്കിൽ ഒരു പട്ടിപോലും തിരിഞ്ഞ് നോക്കില്ലായിരുന്നു" എന്നുമൊക്കെ ആക്ഷേപിക്കണമെങ്കിൽ ഒരു പ്രായവും പക്വതയുമൊക്കെ ആകണം..

അതായത് ഒരു എൺപത് വയസ്സെങ്കിലും കഴിയണം. അല്ലാതെ മോനെ ഗണേശാ
മന്ത്രിയാണെന്ന് വിചാരിച്ചു ഞരമ്പ് രോഗമാണെന്നും കാമഭ്രാന്താ ണെന്നുമൊക്കെ പറഞ്ഞ് അതിന്റെ ഇടയിൽ ആളാകാൻ നോക്കല്ലെ.. കുറച്ച് ബെയിറ്റീം പുള്ളെ... പ്രായമാകട്ടെ..

=================
ഇപ്പോൾ കിട്ടിയത്:

സൗരയൂഥക്കമ്മറ്റി പിരിച്ച് വിട്ട പ്ലൂട്ടോയെ നിരുപാധികം തിരിച്ചെടുത്തിരിക്കുന്നു;

ജയിലിൽ കിടന്ന പിള്ളയെ നിരുപാധികം കേരള സർക്കാർ തുറന്ന് വിട്ടിരിക്കുന്നു.

Saturday, October 15, 2011

കരഞ്ഞ് കാണിച്ചാൽ രാഷ്ട്രീയക്കാരനാകുമോ..??


ഇന്നലെ ഒരു യുവ തീപ്പൊരി എം.എൽ.എ. യുടെ ഹൃദയ ഭേദകമായ ഒരു ഭംഗിയുമില്ലാത്ത പൊട്ടിപൊട്ടിയുള്ള വിപ്ലവ കരച്ചിൽ ചങ്കിൽ
കൊള്ളാത്ത ഒരുത്തനും മലയാളക്കരയിൽ ഉണ്ടാകില്ല. ചാനലുകൾ തലങ്ങും വിലങ്ങും "കരച്ചിൽ എപ്പിസോഡ്" ആർമാദിച്ചാഘോഷിച്ചു. സങ്കടം
കൊണ്ട് പൊട്ടിക്കരയുന്ന രാജേഷിന്റെ പുറകിൽ നിന്ന് കൂട്ടത്തിലുള്ള ഒരു ശുംഭൻ (തിളങ്ങി പ്രശോഭിക്കുന്നവൻ; ശബ്ദതാരാവലി ജയരാജ
കാണ്ഡം പരിഷ്കരിച്ചത്) ഒരു ഉളുപ്പുമില്ലാതെ വായ പൊത്തി ചിരിച്ചതെന്തിനാണാവോ..?? ആവോ..!!

ഇതിലൊന്നും ഒരലിവും തോന്നാത്ത കഠിന ഹൃദയനും നിഷ്ഠൂരനുമായ പി.സി. ജോർജെന്ന സാദാ "പൗരൻ" ആക്രോശിച്ചത് "ചുമ്മാകിടന്ന്
മോങ്ങിയിട്ടൊന്നും ഒരു കാര്യവുമില്ല. പോയി തെളിയിച്ചോണ്ട് വാ.." എന്നാണ്.

ചങ്ക് പൊട്ടി നിൽക്കുന്നവന്റെ ആസനത്തിൽ പാരകേറ്റുന്ന പരിപാടിയായിപോയി ജോർജച്ചായാ അത്...!!

അഞ്ചാറ് മാസം മുൻപ് കരച്ചിൽ സീരിയലുകളെപ്പോലും ലജ്ജിപ്പിക്കുന്ന ഒരു നെഞ്ച് പൊട്ടിക്കരച്ചിൽ ചാനലുകാർ ലൈവായി കാണിച്ചിരുന്നു.. കോൺഗ്രസിന്റെ സമുന്നതനായ നേതാവ് രാമചന്ദ്രൻ മാസ്റ്റർ ഏങ്ങി ഏങ്ങി വിങ്ങിപ്പൊട്ടി കരഞ്ഞത് കണ്ട് കൊച്ച് കുട്ടികളുടെപോലും കണ്ണ് ഈറനണിയിച്ചു.. എന്നിട്ടും കോൺഗ്രസിന് ഒരു കുലുക്കവുമില്ലായിരുന്നു..

വിദ്യാഭ്യാസം മുടങ്ങി(?) നിൽക്കുന്ന നിർമൽ മാധവ് എന്ന ഇഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ ചങ്ക് നീറിയുള്ള കരച്ചിലുമായി ഈ കരച്ചിലുകളെ ഏതെങ്കിലും വിധത്തിൽ താരതമ്യം ചെയ്യാൻ പറ്റുമോ??

പ്രബുദ്ധമായ കേരള രാഷ്ട്രീയം ലോല ഹൃദയരെ കൊണ്ട് നിറയുകയാണോ..??

Tuesday, October 11, 2011

ആസനത്തിലെ പാര അഥവാ പിള്ളയുടെ സുഖവാസം ..!!

 
 
രണ്ടാഴ്ച്ചക്ക് മുന്‍പ് എന്തായിരുന്നു പുകില്. അധ്യാപകന്‍റെ ആസനത്തില്‍ പാര, തുടര്‍ന്ന്‍ ദുരൂഹതകള്‍..!! കേട്ടപാതി കേള്‍ക്കാത്ത പാതി ചത്തത് കീചകനെങ്കില്‍ കൊന്നത് പിള്ളതന്നെ എന്ന ആക്രോശത്തോടെ  പ്രതിപക്ഷ നേതാവിന്‍റെ കൈയ്യില്‍ കിട്ടിയ പാരയില്‍ ബാലകൃഷ്ണപിള്ളയെ ചുറ്റിവരിഞ്ഞ്, "സെവന്‍ സ്റ്റാര്‍ തടവ് ശിക്ഷ" അനുഭവിക്കുന്ന ആഡംബര ആശുപത്രിയുടെ മാര്‍ബിള്‍ തറയില്‍ പിള്ളയുടെ മൊബയില്‍ ഫോണ്‍ ചന്നം പിന്നം അടിച്ചു തകര്‍ത്തു. കുളമെത്ര കൊക്ക് കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ ഭരണപക്ഷം ഒന്നും ചെയ്യാനില്ലാതെ കൈയും കെട്ടി ചുമരും ചാരി നിന്നു.
 
എന്നാല്‍ പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനക്ക് വിപരീതമായി അധ്യാപകന്‍റെ മാറ്റിയും, മറിച്ചും തിരിച്ചുമുള്ള പരസ്പര വിരുദ്ധമായ മൊഴിയില്‍ ഇനി ഇതില്‍ പിടിച്ച് തൂങിയാല്‍ രാഷ്ട്രീയ ഗുണം ഉണ്ടാകില്ല എന്ന് തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ അതാ വരുന്നു കൊമ്പ് കോര്‍ക്കാന്‍  കുട്ടനാട് പാരിസ്ഥിതിക വിഷയം, അതിലുടക്കി നില്‍ക്കുമ്പോള്‍ ദേണ്ടെ ഒരു കിക്കിടിലന്‍ സ്കൂപ്പ്, കോഴിക്കോട് എഞ്ചിനീയറിംഗ് പ്രവേശനവും വെടിവയ്പും പുകിലോടു പുകില്. കേരളത്തിലാണോ പുകിലുകള്‍ക്ക് പഞ്ഞം...!!
 
അധ്യാപകനോടും കുടുംബത്തിനോടുമുള്ള പ്രതിപക്ഷത്തിന്‍റെ സഹതാപമോ, കുട്ടനാട്ടുകാരോടുള്ള പ്രത്യേക വാത്സല്യമോ ഒന്നുമല്ല മറിച്ച് ഒരു നിര്‍ഗുണ ഭരണപക്ഷത്തോടുള്ള എതിര്‍പ്പും അതുമൂലം ഉണ്ടാകുന്ന രാഷ്ട്രീയ മുതലെടുപ്പും ലാക്കാക്കിയുള്ള ഏറ്റുപിടിക്കല്‍ മാത്രം.
 
കാലാകാലങ്ങളായി അപ്പുറത്ത് ഇരിക്കുന്നവരും ഇപ്പുറത്ത് ഇരിക്കുന്നവരും അനുവര്‍ത്തിക്കുന്ന ഒരു പ്രതിഭാസം, പുതിയ വിഷയം വരുമ്പോള്‍ പഴയതിനെ കൈവിട്ടു പുതിയതിലേക്ക്..!!
 
എന്നിട്ട് ഇപ്പോള്‍ എന്തായി:
വാളകത്തെ അധ്യാപകന്‍റെ വിഷയം അദ്ദേഹത്തിന്റെയും ഉറ്റ ബന്ധുക്കളുടെയും മാത്രം ജീവന്മരണ പ്രശ്നമായി ചുരുങ്ങിപ്പോയി. (കിട്ടിയവന് കിട്ടി അത്രതന്നെ..)
 
ബാലകൃഷ്ണപിള്ള പതിവിലും സുസ്മേര വദനനായി സസുഖം ആഡംബര ആശുപത്രിയില്‍ സുഖ ചികിത്സ തുടരുന്നു. നാല് ദിവസത്തെ അധിക വാടക കൂടി ആശുപത്രിക്ക് കോടതി അനുവദിച്ചു കൊടുത്തു.
 
പ്രതിപക്ഷം പുതിയ പുതിയ വിഷയങ്ങള്‍ക്ക് പിന്നാലെ പരക്കം പായുന്നു.
 
ഭരണ പക്ഷം ഇതെല്ലം ഞങ്ങളും കാണിച്ചിട്ട് ള്ളതല്ലേ  എന്ന ഭാവത്തില്‍ കൈയും കെട്ടി നില്‍ക്കുന്നു. .
 
പിന്നെ പൊതുജനം .. അത് .. തഥാസ്തു...!!!