"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Friday, September 23, 2011

ഓടിവായോ..!! എലിപ്പനി വന്നേ എലിപ്പനി..!!



അധികൃതർ സമ്മതിക്കുന്നില്ലെങ്കിലും ഈ വർഷം സംസ്ഥാനത്ത് എലിപ്പനി പിടിപെട്ട് അമ്പതിലേറെ പേർ ഇതിനോടകം മരണപ്പെട്ടു എന്നാണ്
അനൗദ്യോഗിക കണക്ക്.

സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന ഇത്തരം ഒരു ആരോഗ്യ  പ്രശ്നത്തിൽ ഇടപെടാൻ ആർക്കും സമയമില്ലെ?? അതോ
ആഗ്രഹമില്ലെ?? അവരൊക്കെ തിരക്കിലാണ്..!!

കുത്തക കമ്പനിക്കാർ തന്നിഷ്ടപ്രകാരം പെട്രോൾ വില കൂട്ടിയതിൽ പ്രതിക്ഷേധിച്ച് നമ്മുടെ നാട്ടിൻ പുറത്തെ കടകൾ
പൂട്ടിച്ചും,കേരളത്തിലോടുന്ന ബസുകൾ കത്തിച്ചും, ജന ജീവിതം സ്തംഭിപ്പിച്ച് കൂട്ടിയ വില കുറപ്പിക്കുന്ന തിരക്കിലാണ് ഒരു കൂട്ടർ..!!

ഇനി അടുത്ത കൂട്ടർക്കാണെങ്കിൽ നൂറുകണക്കിന് സംഭവങ്ങളാണ്.. ഒന്നൊതുക്കുമ്പോൾ ഒമ്പത് ജോർജ്മാർ പൊങ്ങി വരും..!!(വണ്ടി ഉരുട്ടി
പോണ്ടെ അണ്ണാ)

ഇനിയൊരു കൂട്ടർ സ്വയം ആസ്ഥാന എലിപ്പനി വിദഗ്ദ്ധൻമാരായി ചമഞ്ഞ് ചാനലുകളിൽ മാറിമാറി മാരത്തോൺ ചർച്ചകളാണ്.. ഒപ്പം
എലികൾക്കുള്ള ഉപദേശങ്ങളും..!!

"ഇതിൽപരമിനിയെന്ത് വേണം എലിപ്പനിക്ക് വിളയാടാൻ..!!"

പ്രദേശങ്ങളിലെ മാലിന്യ നിർമാർജ്ജനം ഉൾപ്പടെ ആരോഗ്യ മേഖലയിൽ അടിയന്തിര നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും
ഉണ്ടായില്ലെങ്കിൽ എലിപ്പനിയുടെ പേരിൽ ഒരു കൂട്ടക്കുരുതിക്ക് കേരളം സാക്ഷിയാകേണ്ടി വരും.. തർക്കമില്ല..!!

---------------------------------------------------------------------------------------------------------------

നോട്ട് ദ പോയിന്റ്..

എലി, കന്നുകാലികൾ, നായ്ക്കൾ, പൂച്ച, കുതിര എന്നിവയുടെ മൂത്രത്തിലൂടെയാണ് എലിപ്പനിയുടെ അണുക്കൾ പരക്കുന്നത്.

കടുത്ത പനിയും ശരീര വേദനയുമാണ് ആദ്യ ലക്ഷണം.

മൂത്ര തടസം, കാലിലും മുഖത്തും നീര്, കണ്ണുകൾ ചുവന്ന് തുടുക്കുക തുടങ്ങിയവയാണ് രണ്ടാം ഘട്ട ലക്ഷണങ്ങൾ; ഈ അവസ്ഥയിൽ രോഗ
ശമനം ചിലപ്പോൾ അസാധ്യമാകും.

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും പ്രതിരോധ ഗുളികകൾ സൗജന്യമായി ലഭിക്കും.

കൈയ്യിലോ കാലിലോ നേരിയ മുറിവെങ്കിലുമുണ്ടെങ്കിൽ വെള്ളത്തിലിറങ്ങി നിന്നുള്ള ജോലികൾ ഒഴിവാക്കണം.

---------------------------------------------------------------------------------------------------------------------

വാൽകഷ്ണം:മുമ്പൊരു പനി മാമാങ്കം കേരളത്തിൽ അതി ഗംഭീരമായി കൊണ്ടാടിയിരുന്നു. ഇന്നത്തെ പ്രതിപക്ഷം അന്നത്തെ ഭരണപക്ഷവും, ഭരണപക്ഷം
പ്രതിപക്ഷവുമായിരുന്നു. ആരൊഗ്യ മന്ത്രിയെങ്ങാണ്ട് അമേരിക്കാക്ക് പോയി എന്ന് പറഞ്ഞ് തുള്ളിയ തുള്ളാട്ടം.. എന്നിട്ടും എലിപ്പനി
അറബിക്കടലിൽ ഒലിച്ചു പോകാതെ വീണ്ടും വന്നു..
-----------------------------------------------------------------------------------------------------------------------

Wednesday, September 14, 2011

മുത്തേ മുത്തേ പൂമുത്തെ... ലക്ഷം ലക്ഷം പിന്നാലെ..!!


കുറച്ച് നാളായി കോലഞ്ചേരി പള്ളിപ്പെരുന്നാൾ തകർക്കുകയാണ്.. നാട്ടാര് മൊത്തം ആഘോഷിക്കുന്ന വമ്പൻ പെരുന്നാൾ..!! ദൈവത്തിന്റെ
സിംഹാസനത്തിന് തൊട്ടടുത്ത് ഇരിപ്പിടമുറപ്പിച്ച ഓർത്തഡോക്സ്, യാകോബായ സഭാമേലദ്ധ്യക്ഷൻമാർ വാക്ദ്ധോരണികൊണ്ട് പരസ്പരം
കടിച്ച് കീറുന്നു.. പ്രബുദ്ധരായ അണികളെ ഉത്ബുദ്ധരാക്കും വിധം ചില രാഷ്ട്രീയ കൊഞ്ഞാണൻമാരെ പോലെ പ്രസംഗിക്കുന്നു..നിരാഹാരം
റോഡുവക്കിൽ ഇറങ്ങി നിൽക്കുന്നു. കേസ്, കോടതി തീരുമാനങ്ങൾ.. ഇതൊക്കെ ഒരു ദൈവ ഭവനത്തിന് വേണ്ടി..!! ലജജയില്ലെ സഭാ
വിശ്വാസികളേ നിങ്ങൾക്ക്..!!

 മുത്തേ മുത്തേ പൂമുത്തേ എന്ന കൊച്ചഛൻമാരുടെ ഖണ്ഡഘഡോരമായ മുദ്രാവാക്യങ്ങൾ കേട്ട് ളോഹക്കുള്ളിലെ ശരീരങ്ങൾ സ്വർഗ
തുല്യമായി ആനന്ദ തുന്ദിതരാകുന്നു..!

നിങ്ങളെ ശുദ്ധീകരിപ്പാൻ സ്വയം ശുദ്ധി വരുത്തുക..നിങ്ങളുടെ ദുഷ്പ്രവർത്തികൾ അവസാനിപ്പിക്കുക.. (യെശയ്യാവ് 1:16)

നല്ല കാരണമില്ലാതെ ആരെയും കോടതി കയറ്റരുത്. അയാൾ നിന്നോട് തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ അങ്ങിനെ ചെയ്യരുത്.. (സദൃശ
വാക്യങ്ങൾ 3:30)

പിന്നീട് യേശു അവരോട് ഇങ്ങനെ പറഞ്ഞു: രാജ്യം രാജ്യത്തോടും ജനത ജനതയോടും പൊരുതും. (ലൂക്കോസ് 21:10)

എത്ര വാസ്തവമാണ് മേൽ വചനങ്ങൾ.. ഇവർക്ക് വേണ്ടി പറഞ്ഞ് വച്ചിരുന്നത് പോലെ..!!

ആരുടെ ലാഭം നോക്കിയാണ് ഇവർ പരസ്പരം പോരടിക്കുന്നത്.. ദൈവ മാർഗത്തിലേക്കുള്ള വഴി ഇതാണോ..??

ഈശോയെ ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവരറിയുന്നില്ല..
ഇവരോട് പൊറുക്കേണമേ..!!

Thursday, September 8, 2011

മാവേലി റീലോഡഡ്.. ഓണം വിക്കിലീക്സ് വക..!!


നാട്ടുകാർക്ക് കുടിച്ച് മദോൻമത്തരായി ആർഭാടിക്കാൻ ഓണവും ചുമലിലേറ്റി മഹാബലി കേരളത്തിലേക്കുള്ള ലൊ ഫ്ലോർ ബസ് കാത്ത്
നിൽക്കുന്നു. ആണ്ടിലൊരിക്കൽ ഭൂമി മലയാളത്തിലേക്ക് പോകുന്ന ഈ ഒറ്റ എപ്പിസോഡുള്ള പരിപാടിയിൽ നിന്ന് കിട്ടുന്ന വരുമാനം
മൊബൈൽ റീചാർജ് ചെയ്യാൻ തന്നെ തികയാതായി. ഇടക്ക് ആരോ മിസ്ഡ് കോൾ അടിക്കുന്നുണ്ട്..

എല്ലാക്കൊല്ലവും കിട്ടാനുള്ളതും അതിനപ്പുറവും കിട്ടിയിട്ടും മഹാബലി ഒരു സങ്കോചവുമില്ലാതെ തന്റെ പ്രജകളുടെ പരാക്രമങ്ങൾ കാണാനും
കേൾക്കാനും വീണ്ടും വീണ്ടും വന്നുകൊണ്ടേയിരിക്കുന്നു..

പരാക്രമങ്ങൾ എന്ന് പറഞ്ഞാൽ ഒന്ന് മുതൽ 99 വയസ്സുവരെയുള്ള പെൺ വർഗ്ഗത്തെ പീഡിപ്പിക്കൽ മുതൽ ബിവറേജസിന്റെ ക്യൂവിൽ
വിനയാന്വിതരായി നിൽക്കുന്ന ത്യാഗം വരെയുള്ള മാവേലി പ്രജകളുടെ വീരശൂര ഗാഥകൾ..

ഇപ്രാവശ്യത്തെ വരവിന് മഹാബലിക്ക് കാണാൻ കാഴ്ചകൾ മുമ്പത്തെക്കാളും അനവധിയാണ്.. എല്ലാം കണ്ട് തീർക്കാൻ രണ്ട് കണ്ണുകൾ
തികയാതെ വരും..
ഐസ്ക്രീം റീലോഡഡ്, ക്വട്ടേഷൻ, മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ
പീഢിപ്പിക്കൽ, സ്വാശ്രയമെഡിക്കൽ സീറ്റ് കച്ചവടം, വിക്കിലീക്സിന്റെ ഇടക്കിടക്കുള്ള വിവാദ വെളിപ്പെടുത്തലുകൾ (എല്ലാം പറയാൻ സ്ഥലം
തികയില്ല) തുടങ്ങി എന്തെല്ലാം.. ഇതോടേ ഈ പോക്ക് വരവ് അവസാനിപ്പിച്ചേക്കാമെന്ന് മാവേലിക്ക് തോന്നിക്കൂടാതെയില്ല..

എന്തുതന്നെയായാലും ഓണം മലയാളികൾക്ക് വിസ്മരിക്കാനാകാത്ത ഒരനുഭൂതി തന്നെയാണ്. കാലഘട്ടത്തിന്റെ വ്യത്യാസങ്ങളും തലമുറയുടെ കാഴ്ചപ്പാടുകളും മാത്രമാണ് മാറുന്നത്. പണ്ട് ഓണം വിളവെടുപ്പിന്റെ ഉത്സവമായിരുന്നെങ്കിൽ ഇന്ന് കച്ചവട തന്ത്രങ്ങളുടെ ഭാഗം കൂടിയാണ്. എന്തായാലും തലമുറകൾ കൈമാറുന്ന മലയാളികളുടെ സംസ്കാരത്തിന്റെ ഭാഗം തന്നെയാണ് ഓണം അന്നും ഇന്നും എന്നും;
കൂടുതൽ ലാഭം ബിവറേജസിനാണെങ്കിൽ പോലും..!!