"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Thursday, June 30, 2011

സ്വാശ്രയ സമരം.. ചാവേറാകുന്നത് പിന്നോക്ക വിദ്യാർത്ഥികൾ..!!


നേതാക്കൻ‍മാരുടെ മക്കൾ അന്യ സംസ്ഥാന കോളജുകളിലും മറ്റ് സ്വാശ്രയ കോളജുകളിലും പഠിക്കുമ്പോൾ എന്താണ്‌ യഥാർത്ഥ സ്വാശ്രയം എന്ന് പോലും അറിയാതെ നേതാക്കൻ‍മാരുടെ ഉത്തരവിനനുസരിച്ച് സമരത്തിനിറങ്ങി സ്വന്തം ഭാവി അനിശ്ചിതത്വത്തിലാക്കുന്ന ഇത്തരം രാഷ്ട്രീയ ചൂഷണങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പാഠങ്ങൾ പഠിക്കണം.
സ്വാശ്രയ കോളജുകളിലുള്ള ഒരൊറ്റ വിദ്യാർത്ഥി പോലും സമരത്തിനിറങ്ങാതെ ആർട്സ് & സ്പോർട്സ് കോളജുകളിലെ ദളിത് പിന്നോക്ക വിദ്യാർത്ഥികളാണ്‌ ഈ സമരത്തിന്റെ പേരിൽ ചാവേറുകളാകുന്നത്.
കഴിഞ്ഞ അഞ്ച് വർഷവും കുടത്തിന്‌ പുറത്തായിരുന്ന സ്വാശ്രയ ഭൂതത്തിനെ ഈ ഒന്നരമാസം കൊണ്ട് ആവാഹിക്കണം എന്ന് പറയുന്നതിലെ മണ്ടത്തരം ചാവേറാകുന്ന സാധു കുടുംബങ്ങളിലെ ഭാവിയിലെ പ്രതീക്ഷകളായ നിങ്ങൾ മറക്കരുത്.
നിങ്ങളുടെ ഭാവി നിങ്ങൾക്ക് മാത്രമുള്ളതാണ്‌. നേതാക്കൻ‍മാരുടെ മക്കൾ നാളെ നേതാക്കൻ‍മാരോ, ഉന്നത ഉദ്യോഗസ്ഥൻ‍മാരോ ഒക്കെയായി വിലസുമ്പോൾ അടികൊണ്ട് കൂനിപ്പോയ ശരീരവും കുഴമ്പ് മേടിക്കാൻ കാശുമില്ലാതെ തെരുവിൽ അലഞ്ഞു തീർക്കേണ്ടിവരും നിങ്ങളുടെ ജീവിതം..
അല്ലെങ്കിൽ പാർടിക്ക് ഫ്ലക്സ് അടിച്ച് മാലയിടാൻ ഒരു രക്തസാക്ഷി..!!
ഏത് പാർടി വന്നാലും അടികൊള്ളാൻ വിദ്യാർത്ഥികൾ എന്നും ഉണ്ട്.. ഇനിയുമുണ്ടാകും..!!

Sunday, June 26, 2011

കേരളം ദൈവത്തിന്റെ സ്വന്തം നാട്..!!



ഫ്ളാറ്റ് തട്ടിപ്പ്, മണിചെയിൻ തട്ടിപ്പ്, വിസ തട്ടിപ്പ്, ഭൂ നിക്ഷേപ തട്ടിപ്പ്, രാഷ്ട്രീയ തട്ടിപ്പ്, ജോലി തട്ടിപ്പ്, ഭൂ മാഫിയ, ബ്ലൈഡ് മാഫിയ, സ്ത്രീ പീഠനം, സെക്സ് റാക്കറ്റ്, പെൺ‍വാണിഭ റാക്കറ്റ്, കൊട്ടേഷൻ, വെട്ട് കുത്ത്, വഞ്ചന, കൈക്കൂലി, അഴിമതി, നോട്ടിരട്ടിപ്പ്, ഹവാല, ഗുണ്ടായിസം, പോലീസ് ഗുണ്ട, പിടിച്ച് പറി, കൊള്ളയടി, കള്ള വാറ്റ്, അട്ടിമറിക്കൂലി, നോക്ക് കൂലി, യൂണിയൻ, പരിസ്ഥിതി വാദം, വികസന വിരോധം,വാഹനങ്ങളുടെ മരണ പാച്ചിൽ, അപകടങ്ങൾ, നിയമം  കൈയ്യിലെടുക്കൽ, പത്രലേഖകനെ തട്ടാൻ പോലീസ് ഏമാന്റെ നേരിട്ടുള്ള കൊട്ടേഷൻ...
ഹെന്റമ്മോ.. പറഞ്ഞാൽ തീരില്ല കേരളത്തിന്റെനൂറ് ശതമാനം സാക്ഷരതാ വീരകൃത്യങ്ങൾ..
ഇത്രയുമൊക്കെ ആയ സ്ഥിതിക്ക്‌ ഇത്തരം കൈത്തൊഴിലിൽ ഏർപെട്ടിരിക്കുന്നവർക്ക് സംസ്ഥാന സർക്കാർ വക പെൻ‍ഷൻ, ദുരിതാശ്വാസ പദ്ധതി തുടങ്ങിയ ആനുകൂല്യങ്ങൾ ഏർപ്പെടുത്തി ദേശീയ തൊഴിൽ പദ്ധതിയിൽ ഉൾപ്പെടുത്തനോ അതുമല്ലെങ്കിൽ ഒരു സ്വശ്രയ വ്യവസായ മേഖലയാക്കി വളർത്തിയെടുക്കാനോ അധികാരപ്പെട്ടവർ ശുഷ്കാന്തി കാണിക്കണമെന്നാണ്‌ എളിയ അഭിപ്രായം..
നമ്മുടെ നാട്ടിൽ ഒരു ദിവസം ജീവിച്ച് നേരം വെളുപ്പിക്കണമെങ്കിൽ അതിനും വേണം ഒരു ഒന്നൊന്നര തടി മിടുക്ക്..
കേരളമെന്നു കേട്ടാൽ അഭിമാന പൂരിതമാകണമന്തരംഗം..
കേരളം ദൈവത്തിന്റെ സ്വന്തം നാട്..!!

Wednesday, June 22, 2011

അഞ്ചിലൊരാൾ മുസ്ലിം ലീഗിന്‌..!!


ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം അസ്ഥാനത്തായി..മന്ത്രിസഭാ വികസനത്തിന്‌ ശേഷം മുസ്ലിം ലീഗ് സ്വമേധയാ അഞ്ചാമത്തെ മന്ത്രിയെ പ്രഖ്യാപിച്ചിരുന്നു.മഞ്ഞളാം കുഴി അലിയെ വെറുതെ മോഹിപ്പിക്കുകയും ചെയ്തു. ഓന്‌ കൊടുത്താൽ അനക്കും വേണം എന്ന്‌ മാണിസാറും പിടിമുറുക്കിയതോടെ സംഗതി ചുണ്ടിനും കപ്പിനുമിടയിൽ ലീഗിന്‌ അയഞ്ഞു കൊടുക്കേണ്ടി വന്നു.
കൂട്ടു കച്ചവടത്തിൽ ഘടക കക്ഷികളോട് ആലോചിക്കാതെയുള്ള ഇത്തരത്തിലുള്ള ഏകപക്ഷീയമായ തീരുമാനങ്ങൾ പിന്നീട് പരിഹാസ്യമാക്കി തീർക്കും എന്ന് ലീഗ് തെളിയിച്ചു..

Monday, June 13, 2011

ഡോക്ടറുടെ അഛൻ.. അഥവാ അഛനാണഛാ അഛൻ..!!


സ്വന്തം മക്കൾ ഡോക്ടറായി കാണാൻ ആഗ്രഹിക്കാത്ത ഏതെങ്കിലും അഛൻ‌മാരുണ്ടോ ഈ ദുനിയാവിൽ..! അതൊരു പത്രാസല്ലെ..!! അഥവാ അങ്ങിനെ ഒരഛൻ ഉണ്ടെങ്കിൽ അതൊരു മൂരാച്ചി അഛൻ തന്നെ.. സംശയമില്ല..
ലക്ഷങ്ങൾ മുടക്കി വളഞ്ഞവഴിയിലൂടെ മക്കൾക്ക് മെഡിക്കൽ കോളജുകളിൽ അഡ്‌മിഷൻ തരപ്പെടുത്തുന്നതിൽ ആരോഗ്യ മന്ത്രിയെന്നോ, വിദ്യാഭ്യാസ മന്ത്രിയെന്നോ, ഡിവൈ എഫൈ നേതാവെന്നോ ഒരു വക ഭേദവും ഇല്ല.. സംഭവം വിവാദമാകുമ്പോൾ പാൽ‌പ്പാത്രം വൃത്തിയാക്കിയ പൂച്ചയെപ്പോലെ എല്ലാപേരും വിനയാന്വിതരാകുന്നു, പൊതുജനത്തിനോടുള്ള പ്രതിബദ്ധതയിൽ എന്തും ത്യജിക്കാൻ ത്യാഗ സന്നദ്ധരാകുന്നു, രഹസ്യമായി ഒപ്പിച്ചെടുത്ത സീറ്റ് കാലുമടക്കി വീശിയെറിയുന്നു.. ഹൊ..! എന്തൊരു വീരകൃത്യം..മാതൃകാ പുരുഷൻ‌മാർ തന്നെ നമ്മെ ഭരിക്കുന്നത്..!

പിന്നാമ്പുറം: മകനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നു എന്ന് കരുതി ആറ്റു നോറ്റിരുന്ന ഒരൊറ്റ മോനെ വീട്ടിൽ നിന്നിറക്കി വിടാൻ പറ്റുമോ എന്ന് പ്രതിപക്ഷ അഛൻ പത്രക്കാരോട് വികാരാധീനനാകുന്നു എന്ന് ജയിലിൽ നിന്നും ഒരു കേ.കോ. അഛൻ വേവലാതിപ്പെടുന്നു.. അഛനാരാ മോൻ..!!

Sunday, June 12, 2011

ഇന്ന് ബാലവേല നിരോധന ദിനം..!!


പൂക്കാലവും പൂത്തുമ്പിയും സ്വപ്നം കണ്ടു നടക്കേണ്ടുന്ന കുരുന്നുകൾ ..അടുക്കളയിരുട്ടിലും ഹോട്ടൽ ചായ്പുകളിലും അടിമ വേല ചെയ്ത് എരിഞ്ഞ് തീരുന്ന ബാല്യങ്ങൾക്ക് ഓർത്തെടുക്കാൻ ഒരു ദിനം.. ഇന്ന് ലോകം ബാലവേല നിരോധന ദിനം ആചരിക്കുന്നു..!!
ജീവ സന്ധാരണത്തിന് മാർഗമില്ലാത്ത കുടുംബ പശ്ചാത്തലത്തിൽ നിന്നും നിർദ്ദോഷ ബാല്യങ്ങൾ ബാല വേലക്ക് നിർബന്ധിതരാകുകയാണ് പലപ്പോഴും. ഭിക്ഷാടനത്തിനും, മോഷണത്തിനും, വഴിയോരങ്ങളിൽ സർക്കസ് അഭ്യാസങ്ങൾക്കും, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും കുട്ടികളെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. ഇത്തരം കുരുന്നുകളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനോടൊപ്പം ഇവരുടെ വരുമാനം കൊണ്ട് മാത്രം പട്ടിണി മാറ്റുന്ന നിർധനരായ കുടുംബങ്ങളുടെ പ്രശ്നം കൂടി പടിച്ചുകൊണ്ടുള്ള ഒരു പരിഹാര മാർഗ്ഗം വേണ്ടപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകണം.
അഴുക്കു ചാലിൽ ജീവിക്കുന്ന ഈ കുട്ടികൾ നാളത്തെ കുറ്റവാളികൾ ആകാതിരിക്കാനുള്ള ബാധ്യത നമുക്ക് ഓരോരുത്തർക്കുമുണ്ട്..!!

Thursday, June 9, 2011

എം.എഫ്. ഹുസൈൻ.. നാടുകടത്തപ്പെട്ട ചിത്രകാരൻ യാത്രയായി..!


വിഖ്യാത ചിത്രകാരൻ നിറക്കൂട്ടുകളുടെ ലോകത്തേക്ക് യാത്രയായി. പത്‌മ ഭൂഷണും പത്‌മ വിഭൂഷണും നൽ‌കി മാതൃരാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇടക്കാലത്ത് അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്നതാണെന്ന പേരിലുണ്ടായ വിവദങ്ങളെ തുടർന്ന് 2006 ൽ അദ്ദേഹത്തിന് മാതൃരാജ്യം വിടേണ്ടിവന്നു. മതേതര ഭാരതം ആ കലാകാരനോട് കാണിച്ചത് നീതീകരിക്കാനാകുന്ന ധർമ‌മായിരുന്നോ..??

അദ്ദേഹത്തിന്റെ ആത്‌മാവിന് നിത്യശാന്തി നേരുന്നു..!!