"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Sunday, May 22, 2011

വരാനിരിക്കുന്നത് കോടീശ്വരൻ‍മാർ ഭരിക്കുന്ന കേരളം..!!


ഉടുതുണിക്ക് മറുതുണിയില്ലാത്ത അരച്ചാൺ വയറിന്‌ നാഴിയരിക്കഞ്ഞിയുടെ വകുപ്പില്ലാത്ത കേരളത്തിലെ ഭൂരിപക്ഷം വരുന്ന ദരിദ്ര നാരായണൻ‍മാർ എല്ലാപേരും കൂടി ഒരു രൂപാ കഞ്ഞി കുടിക്കാൻ വെമ്പൽ കൊണ്ട് കേരളാ നിയമ സഭയിലേക്ക് തിരഞ്ഞെടുത്തയച്ചവരിൽ 35 കോടീശ്വരൻ‍മാരും ഉണ്ട്. അതിൽ 30 പാവപ്പെട്ട കോടീശ്വരൻ‍മാരും, സ്വന്തം കൈ കൊണ്ട് ഖാദി വസ്ത്രം തുന്നി മാറ് മറച്ച് നടന്നിരുന്ന ഗാന്ധി എന്ന മനുഷ്യനെ ഇന്നും ആദർശ പുരുഷനായി കൊട്ടിഘോഷിക്കുന്ന "പാവപ്പെട്ടവരുടെ" കോൺഗ്രസ് പാർടി നയിക്കുന്ന UDF ൽ നിന്നുമാണ്‌ എന്നത് വിരോധാഭാസം.

നമ്മൾ പട്ടിണിക്കാരാണെങ്കിലും നമ്മെ ഭരിക്കാൻ പോകുന്നത് കോടീശ്വരൻ‍മാരല്ലെ?? പിന്നെ നമ്മൾ എന്തിന്‌ പേടിക്കണം..

അവസാനം വായിക്കാൻ:
ലോട്ടറി വിഷയം കൊടുങ്കാറ്റായി കഴിഞ്ഞ നിയമ സഭയിൽ ആഞ്ഞടിപ്പിച്ച വി.ഡി. സതീശന്റെ പ്രകടനം ഹൈക്കമാൻഡിന്‌ ഏനക്കേടുണ്ടാക്കിയതുകൊണ്ടാണോ ഇപ്രവശ്യം അദ്ദേഹത്തിന്‌ മന്ത്രിപ്പണി കൊടുക്കാതിരുന്നത്..??

Tuesday, May 17, 2011

vs മന്ത്രിസഭ പടിയിറങ്ങുമ്പോൾ അവശേഷിക്കുന്ന തിരുശേഷിപ്പുകൾ..! അഥവാ vs ന്റെ ലക്ഷ്യം എന്തായിരുന്നു..??



(ഈയുള്ളവൻ ഒരു vs വിരോധിയോ വലതു പക്ഷ അനുകൂലിയോ അല്ല. ലക്ഷക്കണക്കിന് നിഷ്പക്ഷമതികളിൽ ഒരു സാധാരണക്കാരൻ മാത്രം. എന്റെയും എന്നെപ്പോലെയുള്ള അനേകരുടെയും ചുരുക്കം ചില സംശയങ്ങൾ.. ആര് മറുപടി പറയും.. ആവോ??)

പലവിധ കാരണങ്ങളാൽ കഴിഞ്ഞ അഞ്ച് കൊല്ലം വലിച്ചിഴച്ച് നടപ്പിലാകാതെ പോകുമായിരുന്ന സ്മാർട് സിറ്റി യാഥാർത്ഥ്യമാക്കുന്നതിന് അവസാന നിമിഷത്തിൽ ശ്രീ. യൂസഫ് അലിയുടെ സാനിധ്യം വേണ്ടിവന്നു. മാനേജ്മെന്റ് വൈദഗ്‌ദ്ധ്യം ഇല്ലാത്ത ഒരു സർക്കാരാണോ സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ പാഴ്വേല ചെയ്തത്?

കുഞാലിക്കുട്ടിക്കെതിരെയുള്ള സ്ത്രീപീഢന കേസിന് പിന്നാലെയുള്ള vs ന്റെ പരക്കം പാച്ചിൽ എവിടെയും എത്തിക്കാൻ കഴിഞില്ല. എന്തായിരുന്നു അവസാന നിമിഷത്തിൽ  vs ന്റെ ലക്ഷ്യം?

സ്ത്രീപീഢനക്കാരെ തല മൊട്ടയടിച്ച് നടത്തിക്കും എന്ന് കൂടെക്കൂടെ സ്വയം ഓർമിക്കുകയും നാട്ടുകാരെ ഓർമിപ്പിച്ചും ഭരണത്തിൽ വന്ന vs കിളിരൂർ പീഢന കേസിൽ മരണപ്പെട്ട ശാരിയുടെ കാര്യത്തിൽ ഭരണം കൈയ്യിലിരുന്ന അഞ്ച് കൊല്ലത്തിനിടയിൽ എന്തു നടപടി കൈക്കൊണ്ടു?

ഉൾപ്പാർടി പോരുകളും തമ്മിൽ കുത്തും അഞ്ച് കൊല്ലക്കാലവും സർക്കാരിനെ ഒരു പ്രേതം പോലെ പിൻ‌തുടർന്നിരുന്നു. പാമോയിൽ കേസിൽ എതിരാളിയായ പാർടിസെക്രട്ടറിയെപ്പോലും വെറുതെ വിടാതെ കുടുക്കാൻ ശ്രമിക്കുകയും ഒപ്പം എതിർപക്ഷക്കാരെ നിരന്തരം കേസുകൾക്ക് പിന്നാലെ ഓടിപ്പിച്ച് കുരുക്കാൻ  ശ്രമിച്ചതിനും ജനങ്ങളുടെ മുന്നിൽ vsന് എന്ത് ന്യായീകരണമാണുള്ളത്?

അഭ്യസ്തവിദ്യരും തൊഴിൽ രഹിതരുമായ അനേകായിരം ചെറുപ്പക്കാർക്ക് വേണ്ടിപടിയിറങ്ങിയ vs സർക്കാർ നയപരമായ എന്ത് ക്രമീകരണമാണ് കൈക്കൊണ്ടത്?

അടിക്കടിയുണ്ടായ വിലക്കയറ്റത്തിനെ നിയന്ത്രിക്കാൻ കേന്ദ്രത്തിനെ പഴി ചാരുകയും, പോസ്റ്റാഫീസിന് മുന്നിൽ ധർണ നടത്തുകയും ചെയ്തതല്ലാതെ പൊതുജനങ്ങളെക്കൊണ്ട് “ഈ സർക്കാർ ഞങ്ങൾക്ക് വില കുറച്ച് തന്നു“ എന്ന് പറയിപ്പിക്കാൻ ഒരു വട്ടമെങ്കിലും കഴിഞ്ഞിട്ടുണ്ടോ?

കേരളത്തിലെ പല പദ്ധതികൾക്കും കേന്ദ്രം അനുവദിച്ച വിഹിതം ഫലപ്രദമായി വിനിയോഗിക്കാൻ കഴിയാതിരുന്ന ഈ സർക്കാർ ജനങ്ങളെ മുഴുവൻ കബളിപ്പിക്കുകയല്ലായിരുന്നോ ചെയ്തുകൊണ്ടിരുന്നത്?

പൊതു വിദ്യാഭ്യാസ മേഖലയെയും, സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായത്തെയും സ്വകാര്യ കുത്തകകളുടെ കാൽക്കീഴിൽ അടിയറ വെച്ച് ദരിദ്ര നാരായണൻ‌മാരെ ബലിയാടാക്കിയ സർക്കാരിന് പട്ടിണിക്കാരായ വിദ്യാർത്ഥികൾക്ക് മുന്നിൽ എന്ത് മറുപടിയാണുള്ളത്?

അന്യ സംസ്ഥാന ലോട്ടറി വിഷയത്തിൽ എന്താണ് യാഥാർത്ഥ്യമെന്ന്‌ പൊതു ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള സാമാന്യ മര്യാദ ഈ സർക്കാർ കാണിച്ചോ? അതിന് പകരം പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് പ്രത്യാരോപണം നടത്തുകയെന്ന വെറും രാഷ്ട്രീയ നീക്കങ്ങൾ മാത്രമല്ലെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്? ഇനിയും സാധാരണക്കാർക്ക് അറിയില്ല ഇടത് പക്ഷമാണോ വലത് പക്ഷമാണോ ശരിയെന്ന്..!!

ഭരിക്കാനിറങ്ങുന്ന പുതിയ മന്ത്രിസഭ ഇതിനെയൊക്കെ എങ്ങിനെ നേരിടാൻ പോകുന്നു എന്ന് കാത്തിരുന്ന് കാണുക തന്നെ..!!
(റ്റീവി കണ്ടും പത്രം വായിച്ചും തോന്നിയ ഓരോരോ തോന്നലുകളാണേ..!!)

Saturday, May 14, 2011

തിരഞെടുപ്പ് ഫലം കേരളത്തിലെ രാഷ്ട്രീയ യജമാനൻ‌മാരോട് പറയുന്നത്..!!

                                                                         (cartoon courtesy mathrubhoomi)

ഒരു ഭരണ തുടർച്ച പ്രതീക്ഷിച്ചിരുന്ന ഭരണ പക്ഷത്തിനും, ഒരു വമ്പൻ അട്ടിമറി വിജയം കാത്തിരുന്ന പ്രതിപക്ഷത്തിനും ഒരുപോലെ താക്കീത് നൽ‌കിക്കൊണ്ട് തിരിച്ചടി നൽ‌കിയ കേരള ജനത രണ്ടു പക്ഷത്തിനെയും ചിലതൊക്കെ ഓർമിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.

അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ സമരം കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ മനസ്സിൽ ചിലരെയൊക്കെ തോൽ‌പ്പിക്കണം എന്ന തോന്നൽ ഉണ്ടാക്കിയിട്ടുണ്ട്.

രണ്ടു രൂപ അരി വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടുകൾ, കുഞ്ഞാലിക്കുട്ടി വിഷയവും തുടർന്നുണ്ടായ പ്രകടനങ്ങളും, ബാലക്രിഷ്ണപിള്ളയുടെ ജയിലിൽ പോക്ക് തുടങി നിരവധി വിഷയങ്ങൾ ജനങ്ങൾ തല നാരിഴ കീറി മനസ്സിലാക്കിയിട്ടുണ്ട് എന്നതാണ് ഈ ജനവിധിയിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്.

കൂടാതെ അടുത്തിടെയായി മുഖ്യമന്ത്രിയുടെ ചില നിലപാടുകളും അദ്ദേഹത്തിന്റെ  സ്ഥാനാർത്ഥിത്വവും ഇടതു പക്ഷത്തിന് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.

72 സീറ്റുമായി ഭരിക്കാനിറങ്ങുന്ന പുതിയ മുഖ്യമന്ത്രിക്ക് ഘടക കക്ഷികളിൽനിന്നും ഉണ്ടാകുന്ന കടുത്ത സമ്മർദ്ദ തന്ത്രത്തിന് വഴങ്ങേണ്ടി വരും എന്നതിൽ രണ്ടുപക്ഷമില്ല.

നാട്ടുകാരുടെ ഉന്നമനത്തിനും നാടിന്റെ വികസനത്തിനും വേണ്ടി ഭരിക്കാതെ സ്വന്തം കീശ വീർപ്പിക്കാനും  ഘടക കക്ഷികൾക്കും വേണ്ടി ഭരിച്ചാൽ വരും കാലങ്ങളിൽ ഇരുമുന്നണിക്കുമുള്ള ജനങ്ങളുടെ താക്കീത് ഇതിനേക്കാൾ ശക്തമായിരിക്കും എന്ന് കേരളത്തിലെ രാഷ്ട്രീയ യജമാനൻ‌മാർ മനസ്സിലാക്കുക..!!

Tuesday, May 3, 2011

ഏഷ്യാരളിനെറ്റ് നീണാള്‍ വാഴട്ടെ..!!



വിധി വൈപരീത്യം എന്നു പറയട്ടെ.. കൈരളിയുടെ തലപ്പത്തിരുന്ന് ഏഷ്യാനെറ്റിന്റെ നിലപാടുകളെ നഖശിഖാന്തം എതിര്‍ത്തിരുന്ന ജോണ്‍ ബ്രിട്ടാസ് ഒടുവില്‍ എത്തിപ്പെട്ടത് ദൈവം ആരുടെയും പങ്കല്ല എന്ന് പറയുന്നത് പോലെ അതെ ഏഷ്യാനെറ്റിന്റെ അമ്മത്തൊട്ടിലില്‍ തന്നെ..
ഒരിടത്തുനിന്നിറങിയാല്‍ (ഇറക്കി വിട്ടാല്‍..?) കയറിക്കിടക്കാന്‍ മറ്റൊരു മുറി..!!
ഉളുപ്പില്ലാതെ കയറി വരുന്നയാള്‍ക്കും, വന്നത് ആരാണെന്നറിഞ്ഞുകൊണ്ട് സ്വീകരിച്ചവനും സ്ഥാപിത താല്‍‌പര്യങ്ങള്‍ മാത്രമല്ലെ ഉള്ളത്?? പൂരണമില്ലാത്ത ഇത്തരം സമസ്യകള്‍ക്ക് മുന്നില്‍ പ്രേക്ഷകന്‍ എന്നും പ്രേക്ഷകന്‍ തന്നെ..!!
ഇനി അറിയെണ്ടത് ജോണ്‍ ബ്രിട്ടാസ് ഏഷ്യാനെറ്റിന്റെ വഴിക്ക് പോകുമൊ അതൊ ഏഷ്യാനെറ്റ് ജോണ്‍ ബ്രിട്ടാസിന്റെ വഴിക്ക് പോകുമോ??