"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Friday, December 31, 2010

ആരോഗ്യ മന്ത്രി നീണാള്‍ വാഴട്ടെ..!!


ആരോഗ്യ മന്ത്രിയുടെ വീട് മോടി പിടിപ്പിക്കാന്‍ മാത്രം അഞ്ച് കൊല്ലത്തിനിടയില്‍ 24.32 ലക്ഷം രൂപ പൊടിപൊടിച്ചു..തൊട്ടു പുറകെയുണ്ട് മന്ത്രി സുരേന്ദ്രന്‍ പിള്ള, 23,70,350 രൂപ അടിച്ചു പൊളിച്ചുകൊണ്ട് .  വേറെയുമുണ്ട് മന്ത്രിമാര്‍ പുറകെ..

മേലോട്ട് നോക്കിയാല്‍ ആകാശം മുട്ടെ ഫ്ളക്സ് ബോര്‍ഡുകളും കീഴോട്ട് നോക്കിയാല്‍ പൊട്ടിപ്പൊളിഞ്ഞ പി.ഡബ്ള്യു റോഡും മാത്രം കണ്ട് ശീലിച്ച്‌ ദിവസവും കടത്തിണ്ണകളില്‍ കിടന്നുറങ്ങി നേരം വെളുപ്പിക്കുന്ന, വെറും ഒരു വോട്ടിന്‍റെ മാത്രം വിലയുള്ള ആയിരക്കണക്കിന്‌ പട്ടിണി പാവങ്ങള്‍ തെണ്ടിത്തിരിഞ്ഞ് നടക്കുമ്പോളാണ്‌ മന്ത്രിമന്ദിരങ്ങളില്‍ ആഢംഭരത്തിന്‍റെ അഴിഞ്ഞാട്ടം നടക്കുന്നത്.

സാധാരണക്കാരായ ആപ്പയും ഊപ്പയുമൊക്കെ പന്നിപ്പനിയും എലിപ്പനിയും പട്ടിപ്പനിയും പട്ടിണിപ്പനിയും പുഴുക്കടിയുമൊക്കെ വന്ന് മരുന്നും ഡോക്ടര്‍മാരുമില്ലാത്ത സര്‍ക്കാരാശുപത്രികളില്‍ ക്യൂ നിന്ന് നിന്ന് തുള്ളി വെള്ളം വരാത്ത വാട്ടര്‍ അതോറിറ്റിയുടെ തുരുമ്പെടുത്ത പൈപ്പില്‍ നക്കി നക്കി വീണ്‌ ചാവട്ടെ..

അറ്റകുറ്റപ്പണികള്‍ക്കായി മുഖ്യമന്ത്രി ആകെ ചിലവാക്കിയത് 5,41,391 രൂപയാണ്‌. ഈ ഇനത്തില്‍ ഏറ്റവും കുറവ് തുക (67,508 രൂപ) ചിലവഴിച്ച റവന്യു മന്ത്രിയെ എന്തുകൊണ്ട് ഇവരൊന്നും മാതൃകയാക്കുന്നില്ല..??

താമസ സ്ഥലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ പാടില്ല എന്നുദ്ദേശിക്കുന്നില്ല. പക്ഷെ ഒരു വീടിന്‍റെ മിനുക്ക് പണികള്‍ക്കായി മാത്രം കാല്‍ക്കോടിയോളം രൂപയുടെ ആഢംഭരം ഒരു ജനകീയ മന്ത്രിക്ക് ഭൂഷണാമാണോ..??

Tuesday, December 28, 2010

ഹമ്പട ശ്രീനിജാ...!!

2006ല്‍ നിയമസഭയിലേക്ക് മല്‍സരിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീനിജന്‌ സ്വന്തമായി ഒരു തുണ്ട് ഭൂമിപോലും ഇല്ലായിരുന്നു.. കേവലം നാല്‌ വര്‍ഷങള്‍ക്ക് ശേഷം പലയിടത്തായി കോടിക്കണക്കിന്‌ രൂപയുടെ വസ്തു വകകള്‍..! അലാവുദ്ദീനും അല്‍ഭുത വിളക്കും പോലെ അവിശ്വസനീയം..!!

ആള്‌ ചില്ലറക്കാരനൊന്നുമല്ല. മുന്‍ സുപ്രീം കോടതി ചീഫ് ജഡ്ജിയും, ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ ഒരു വ്യക്തിയുടെ മകളുടെ ഭര്‍ത്താവാണ്‌. പിന്നെ എന്ത് വേണം..!!

2G സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് കൊടും അഴിമതി വീരന്‍ മുന്‍ കേന്ദ്ര മന്ത്രി എ.രാജയെക്കുറിച്ച് മുന്‍പ് ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ മന്ത്രിയുടെ പേര്‌ പരാമര്‍ശിച്ചിരുന്നില്ല എന്ന് ഈ ജഡ്ജിയും, അല്ല പേരുണ്ടായിരുന്നു എന്ന് മറ്റൊരു ജഡ്ജി ഗോഖലെയും തമ്മില്‍ ഇടക്ക് ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായതും ശ്രദ്ധേയമാണ്‌...!!  എവിടൊക്കെയോ എന്തൊക്കെയോ കരിഞ്ഞ് മണം വരുന്നുണ്ടോ...!!

വോട്ടിന്‌ വേണ്ടി മാത്രം രാഷ്ട്രീയക്കാര്‍ ചിരിച്ച് കാട്ടുന്ന രാജ്യത്തിന്‍റെ മൊത്തം ജനസംഖ്യയില്‍ മറ്റൊരു പുണ്ണാക്കിനും കൊള്ളാത്ത 45 ശതമാനത്തോളം വരുന്ന പരമ ദരിദ്രവാസികള്‍ ഒരു ദിവസം ഒന്ന് ഇരുട്ടി വെളുപ്പിക്കാന്‍ സ്വന്തം ജീവിതത്തോട് മല്ലടിച്ച് പെടാപാട് പെടുമ്പോളാണ്‌ ശ്രീനിജന്‍മാര്‍ രാഷ്ട്രീയവും അല്ലാതെയുമുള്ള ഉന്നത ബന്ധങ്ങള്‍ മുതലാക്കി നിമിഷ നേരം കൊണ്ട് കോടികള്‍ സമ്പാദിച്ച് കൂട്ടുന്നത്..

ഈ ശ്രീനിജന്‍ നേതാവിനെ വരുന്ന തിരഞ്ഞെടുപ്പില്‍ കൂടി നിര്‍ത്തി ജയിപ്പിച്ച് ഭരണത്തില്‍ എത്തിച്ചാല്‍ ഒരു കസറ് കസറിയേനെ ഈ പുള്ളി.. പാര്‍ട്ടിക്കാര്‍ ശ്രദ്ധിച്ചാല്‍ കൊള്ളാമായിരുന്നു..

Monday, December 27, 2010

കുടിയന്‍മാരേ സലാം...!!


മുഴുക്കുടിയന്‍മാര്‍ക്കൊരു മഹാ രാജ്യമുണ്ടെങ്കില്‍ അത് ചാലക്കുടിയാണ്‌.. ചാലക്കുടിയാണ്‌ എന്ന് രണ്ടാവര്‍ത്തി ആലോചിക്കാതെ ഏത് കുടിയനും വാളുവെയ്ക്കാതെ സമ്മതിക്കും..

മുന്‍കാല ആഘോഷ വേളകളെ പോലെ ഈ ക്രിസ്ത്‍മസ് അവസരത്തിലും ഏറ്റവും കൂടുതല്‍  കുടിച്ച് മത്തന്‍മാരായി വാളുവച്ച് ആഘോഷിച്ചത് ചാലക്കുടിക്കാര്‍ തന്നെ....

ചാലക്കുടിക്കാരെ സലാം...!!

കുടിയന്‍മാരുടെ പഷ്ണി കിടക്കുന്ന കുഞ്ഞു കുട്ടി ഭാര്യമാരെ.. നിങ്ങള്‍ പട്ടിണി കിടക്കുക..... അവന്‍ നിങ്ങളോട് കൂടെ ഉണ്ടാകും...

Wednesday, December 22, 2010

മലയാളം ഡിക്ഷ്ണറി പരിഷ്കരിച്ചത്; ജയരാജ കാണ്ഡം..!!




ശുംഭന്‍, പുല്ല് വില തുടങ്ങിയ വാക്കുകള്‍ അത്ര മോശമല്ലെന്നും ഇത്രയും അന്തസ്സുള്ള വാക്കുകള്‍ ഭൂമി മലയാളത്തില്‍ വേറെ ഇല്ലെന്നും ശ്രീ. ജയരാജന്‍ കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ട് പ്രസ്താവിച്ചിരിക്കുന്നു.

കൊഞ്ഞാണന്‍, ആപ്പ ഊപ്പ, ഊച്ചാളി, കണാകുണാ, ശപ്പന്‍, ഓച്ചന്‍, കോപ്പന്‍, പോഴന്‍, കൂതറ, പാഷാണത്തില്‍ കൃമി തുടങി മഹോത്തരമായ സാംസ്കാരിക മലയാള പദങ്ങള്‍ക്ക് പ്രത്യേക പദവി അനുവദിച്ച് കിട്ടണമെന്നും, ഇത്തരം വാക്കുകള്‍ ഒരു വ്യക്തിയെ ലക്ഷ്യമാക്കി പ്രയോഗിച്ചാല്‍ ആ വ്യക്തി പൊതുജന മധ്യത്തില്‍ ബഹുമാന്യനും സര്‍വ്വാദരണീയനും സംഭൂജ്യനും ആയിത്തീരുമെന്നും അതിനാല്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്ന സല്‍ഗുണ സമ്പന്നരെ കോടതിയെന്നും അലഷ്യമെന്നും ഒക്കെ പറഞ്ഞ് വെറുതെ ബുദ്ധിമുട്ടിക്കരുതെന്നും താഴ്മയായി അപേക്ഷിക്കുന്നു. കൂടാതെ ഇനി മുതല്‍ "എടാ ശുംഭാ" എന്നാല്‍ അല്ലയോ മഹാനുഭവാ എന്നും "പോടാ പുല്ലെ" എന്നാല്‍ ഉല്‍കൃഷ്ട ശ്രേഷ്ഠനായ പുണ്യ നിന്തിരുവടികള്‍ വിടവാങ്ങിയാലും എന്നും മാറ്റി വായിക്കുവാന്‍ ശ്രദ്ധിക്കുമല്ലൊ..? (അവലംബം: ജയരാജ ഡിക്ഷ്ണറി)


Saturday, December 18, 2010

ഞങ്ങളില്ലാതെ (ഞങ്ങള്‍ക്കില്ലാതെ) എന്താഘോഷം...!!!


രാവിലെ മുതല്‍ തന്നെ ചില വിദ്വാന്‍മാരൊക്കെ മൂക്കറ്റം (നാടനാണോ.. വിദേശിയാണോ..???) സേവിച്ചിട്ടാണു നിയമസഭയില്‍ വരുന്നതെന്ന് ആരോഗ്യ മന്ത്രി ശ്രീമതിടീച്ച‍റുടെ പ്രസ്താവന ഭരണ പ്രതിപക്ഷ ഭേദമന്യ സഭയില്‍ ഒച്ചപ്പാടുണ്ടാക്കിയെന്ന് വാര്‍ത്ത.
ബിവറേജസിനു മാസം തോറും ഭണ്ഡാരം നിറയെ ലാഭം വന്നു കേറുന്നത് പിന്നെ എങ്ങിനെ എന്നാ മന്ത്രി കരുതിയത്.
ട്രാഫിക് പോലീസു കാരുടെ കൈയ്യില്‍ ഇരുന്ന് ഊതാതെ തന്നെ ചുമ്മ ഊത്ത് കേള്‍ക്കുന്ന ഊത്ത് മെഷീന്‍ ഒരെണ്ണം സംഘടിപ്പിച്ച് നിയമ സഭാ കവാടത്തില്‍ ഫിറ്റ് ചെയ്താല്‍ അതോടെ തീരുന്ന പ്രശ്നമേ ഉള്ളൂ.
അകത്തോട്ട് കേറുമ്പഴും പുറത്തേക്കിറങ്ങുമ്പഴും എല്ലാ എമ്മല്ലേമാരും അതിലൊന്ന് ഊതിയിട്ട് പൊയ്ക്കോട്ടെ.. ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാകട്ടെ.. 
ഊതിയാല്‍ ശബ്ദം വരാതിരിക്കാന്‍ മെംബര്‍മാര്‍ക്കൊക്കെ ഒരു ട്രയിനിംഗ് വേണമെങ്കില്‍ പരിചയ സമ്പന്നരായ പോലീസുകാരോട് ചോദിച്ചാല്‍ അവരു കാണിച്ചു തരും അടവുകള്‍.. പോലീസെത്ര ലാത്തി കണ്ടിരിക്കുന്നു.. ലാത്തിയെത്ര പോലീസിനെ കണ്ടിരിക്കുന്നു...

ഞങ്ങളില്ലാതെ (ഞങ്ങള്‍ക്കില്ലാതെ) എന്താഘോഷം...!!!

Thursday, December 16, 2010

ഇതെന്താ വെള്ളരിക്കാ പട്ടണമോ...?


ഇപ്പോള്‍ മനസ്സിലായോ ഡോക്ടര്‍ സാറെ.. മന്ത്രിക്കിട്ട് പണിഞ്ഞാല്‍ പണി പാളുമെന്ന്...??

പിന്നെ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍ അടിച്ചു കൊടുത്തതോടെ മന്ത്രീടെ അടക്കാനാകാത്ത ക്ഷോഭം കെട്ടടങ്ങിയെങ്കില്‍ സമാധാനമായി. മന്ത്രിമാര്‍ക്കും നേതാക്കന്മാന്‍ക്കുമെതിരെ പ്രതികരിക്കാനിരിക്കുന്ന മുഴുവന്‍ കൊഞ്ഞാണന്‍മാരെയും ഇതിനാല്‍ തെര്യപ്പെടുത്തുന്നതെന്തെന്നാല്‍ ഈ വെള്ളരിക്കാ പട്ടണം ഭരിച്ചുകൊണ്ടിരിക്കുന്നതും ഇനി ഭരിക്കാന്‍ വെമ്പല്‍ കൊണ്ടിരിക്കുന്നതുമായ സകല പുണ്യമഹാ സമ്പൂജ്യ പുംഗവ തിരുവടികളും പൊതു ജനമെന്ന കൊഞ്ഞാണന്‍‍മാര്‍ക്ക് അതീതരാണെന്നും കഞ്ഞാകുഞ്ഞാ വല്ലതും പറയുകയോ എഴുതുകയോ ചെയ്യുന്ന സകല ലവന്‍മാരെയും മേല്‍പ്പടി തിരുവടികള്‍ രായ്ക്ക് രാമാനം ഇതുപോലെ നാടുകടത്തിക്കളയുമെന്നും മനസ്സിലാക്കിക്കൊള്ളുക..!!


Wednesday, December 8, 2010

സര്‍ക്കാര്‍ നിയമന തട്ടിപ്പ് ചരിതവും വിക്കീലിക്സും..!!


അമേരിക്കയുടെ സൈനിക നയതന്ത്ര രഹസ്യങ്ങള്‍ അങ്ങാടിയില്‍ പരസ്യമാക്കിയ വിക്കീലിക്സ് (കേള്‍ക്കുമ്പോള്‍തന്നെ എന്തോ എവിടെയോ ലീക്ക് ചെയ്യുന്നപോലെ) സ്ഥാപകന്‍ ജൂലിയാന്‍ അസാന്‍‍ജിനെ വേറൊരു കേസില്‍ പ്രതിയാക്കി ലണ്ടനില്‍ അറസ്റ്റ് ചെയ്യിക്കാന്‍ അമേരിക്കയുടെ സമ്മര്‍ദ്ദം ഫലം കണ്ടു.
ഇല്ലായിരുന്നെങ്കില്‍ അമേരിക്കയുടെ ഉറക്കം കെടുത്തുന്ന എന്തൊക്കെ അയാള്‍ ഇനീം വിളിച്ചു പറഞ്ഞേനെ..
അമെരിക്ക തന്നെ ലോക പോലീസ് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.

ഉമ്മന്‍‍ചാണ്ടിയും ചെന്നിത്തലയും മുന്‍കൈയ്യെടുത്ത് ഇയ്യാളെ ഒരാഴ്ചത്തേക്ക് കേരളത്തില്‍ ഇറക്കിയാല്‍ ഇപ്പോള്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ നിയമന ചരിതം തട്ടിപ്പ് മുഴുവന്‍ ഭാഗവും ഇയ്യാള്‍ തോണ്ടി പുറത്തിട്ടു തന്നേനെ..

Tuesday, December 7, 2010

അനിയന്‍ ബാവ.. ചേട്ടന്‍ ബാവ..!!

പാര്‍ട്ടിയുടെ തലപ്പത്തെത്തിയ പുതിയ അനിയന്‍ ബാവ മൈക്ക് വെച്ച് കെട്ടി പറഞ്ഞ് പറഞ്ഞ് ചേട്ടന്‍ ബാവയുടെ ലാവ്‍ലിന്‍ പാത്രത്തിലും കൈയിട്ട് ഒരിളക്കിളക്കി; പിന്നെ ചേട്ടന്‍ ബാവ തിരിഞ്ഞും മറിഞ്ഞും നോക്കിയില്ല.കിട്ടാവുന്നിടത്തൊക്കെ വച്ച് അനിയന്‍ ബാവയേയും പാര്‍ട്ടിയേയും ചുവന്ന നാടന്‍ കോഴിയുടെ മുട്ട പൊട്ടിച്ച് ഓം‍ലറ്റ് അടിക്കുന്ന പോലെ തിരിച്ചും മറിച്ചും അടിച്ചു പരത്താന്‍ വെമ്പല്‍ കൊണ്ടിരിക്കുമ്പോള്‍ അതാ വരുന്നു.. സര്‍ക്കാര്‍ നിയമന തട്ടിപ്പും, കൈക്കൂലിയും കോഴയും വ്യാജ അഡ്‍വൈസ് മെമോയും അനിയന്‍ ബാവ പാര്‍ട്ടിയുടെ ജോയിന്‍റ് കൗണ്‍സില്‍ ബന്ധവും എല്ലാം കൂടി ഒരു ഉഗ്രന്‍ കോള്‌. ഇനി കുറെ നാളത്തേക്ക് ലാവ്‍ലിനില്‍ ഇട്ട് ചൊറിയാനുള്ള അനിയന്‍ ബാവയുടെ വായടപ്പിക്കാന്‍ ചേട്ടന്‍ ബാവക്ക് വേറെ എന്തെങ്കിലും വേണോ..?? വെച്ചലക്കിക്കൂടെ...

ഇത് കേരളമെന്നൊരു പ്രദേശമാണെന്നും, ഇവിടെ കുറെ മനുഷ്യര്‍ ഉണ്ടെന്നും, അവരെല്ലാം വെറും വായില്‍ നോക്കികളല്ലെന്നും, സകല കാര്യങ്ങളിലും ജാഗരൂകരായി കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണെന്നും ആരും മറന്ന് കളയരുതേ...